wer

മുഹമ്മ: മുഹമ്മ പത്താം വാർഡ് സ്രായിപാലത്തിന് സമീപം കക്കായിറച്ചി സംസ്‌ക്കരണത്തിനായി നിർമ്മിച്ച ക്ളസ്റ്റർ സെന്ററിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 2.45 ഓടെയാണ് സംഭവം. മുഹമ്മ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിലെ ഒരു മുറിയിൽ വാർഡിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ,​ ഹാളിലെ റബർ മാറ്റ് വേസ്റ്റിൽ നിന്നാണ് തീ പടർന്നത്. ചേർത്തലയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും മുഹമ്മ പൊലീസും ചേർന്ന് തീ അണച്ചു. പഞ്ചായത്ത് അധികൃതരും എത്തിയിരുന്നു. റോഡിന്റെ വീതിക്കുറവുകാരണം അഗ്നിശമന സേനയുടെ വാഹനത്തിന് ക്ളസ്റ്റർ സെന്റർ വരെ എത്താനായില്ല. അടുത്ത വീട്ടിലെ പമ്പ് ഉപയോഗിച്ചാണ് തീ കെടുത്തിയത്. അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് കരുതുന്നത്. ഡോ.തോമസ് ഐസക്ക് മന്ത്രിയായിരുന്നപ്പോൾ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചതാണ് കെട്ടിടം. എന്നാൽ നാളിതുവരെ പ്രവർത്തിച്ചിരുന്നില്ല.