ആലപ്പുഴ: 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ 17,21,247 ആണെന്ന് കളക്ടർ ജോൺ വി.സാമുവൽ അറിയിച്ചു . പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാർ 75,707പേർ കൂടുതലാണ്. വോട്ടർമാരിൽ 14,757 പേർ 18നും 19നും ഇടയിൽ പ്രായമുള്ള കന്നിവോട്ടർമാരും 2,42,243 പേർ 20നും 29നും ഇടയിൽ പ്രായമുള്ള യുവാക്കളുമാണ്. സമ്മറി ലിറ്റ് അനുസരിച്ച് 2023 ഒക്ടോബർ 28മുതൽ ഡിസംബർ 26വരെ ലഭിച്ച 63,099 അപേക്ഷകളിൽ 57,830 പേരെ വോട്ടർപട്ടികയിൽ ചേർത്തപ്പോൾ 5269പേരുടെ അപേക്ഷ നിരസിച്ചു. പലവിധത്തിലുള്ള കാരണങ്ങളാൽ 20,617പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ 28,382പേർ പുരുഷൻമാരും 29,448പേർ സ്ത്രീവോട്ടർമാരുമാണ്. 18നും 19നും ഇടയിൽ പ്രായമുള്ള 14,787 പേരെ ചേർക്കാൻ കഴിഞ്ഞത് തിളക്കാമാർന്ന നേട്ടമാണെന്ന് കളക്ടർ പറഞ്ഞു. പ്രവാസി വോട്ടർമാർ പട്ടികയിൽ പേര് ചേർക്കാൻ വിസമ്മതിക്കുന്നതായാണ് കണ്ട് വരുന്നത്. ആറുമാസം സ്ഥലത്തില്ലാതിരുന്നാൽ ബി.എൽ.ഒമാർ അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ കൂടി സഹകരണം ഉണ്ടായാൽ മാത്രമെ പ്രവാസി വോട്ടർമാരുടെ എണ്ണം കൂട്ടാൻ കഴിയൂവെന്നും കളക്ടർ പറഞ്ഞു. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 10 ദിവസം കൂടെ പട്ടികയിൽ പേരു ചേർക്കാം.
വോട്ടർ പട്ടികയിൽ
പുരുഷൻമാർ : 8,22,765
സ്ത്രീകൾ : 8,98,472
അംഗപരിമിതർ : 19,222
ട്രാൻസ്ജെൻഡർമാർ : 10
മുതിർന്ന പൗരന്മാർ: 49,805
പ്രവാസികൾ: 15