
ആലപ്പുഴ : പള്ളാത്തുരുത്തിക്കാർക്ക് നഗരത്തിലെത്താനുള്ള എളുപ്പമാർഗമായ, ചുങ്കം - പള്ളാത്തുരുത്തി തോട്ടിൽ ചിറക്കോട് മസ്ജിദിന് സമീപത്തെ പുത്തൻ പാലം ഒന്നരമാസത്തിനകം യാഥാർത്ഥ്യമാകും. പാലത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തിയായി. നടപ്പാതയും പടികളും സ്ഥാപിക്കാനുള്ള അവസാനവട്ട ജോലികളാണ് ശേഷിക്കുന്നത്. പരമാവധി നാൽപ്പത് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന് തൊഴിലാളികൾ പറയുന്നു.
ഇപ്പോൾ, പള്ളാത്തുരുത്തി - തിരുമല വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് ചെറിയ തോണിയിലുള്ള കടത്താണ്. കടത്തിൽ കയറിയില്ലെങ്കിൽ കിലോമീറ്ററുകൾ നടന്ന് വേണം സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ ചുങ്കം പാലത്തിലെത്താൻ. ചിറക്കോട് പാലം യാഥാർത്ഥ്യമാകുന്നതോടെ കന്നിട്ട ജെട്ടി മുതലുള്ള നാട്ടുകാർക്ക് എളുപ്പത്തിൽ ചുങ്കപ്പാലത്തിലെത്താം. ചിറക്കോട് മസ്ജിദിൽ മദ്രസയിലെ കുട്ടികളാണ് പ്രധാനമായും തോണിയെ ആശ്രയിക്കുന്നത്.
തോണിക്ക് വിടയേകാം
ചോർച്ചയെ തുടർന്ന് രണ്ട് മാസത്തോളം തോണി കരയ്ക്ക് കയറ്റിവയ്‌ക്കേണ്ടിവന്നിരുന്നു. ഇതോടെ നാട്ടുകാർക്ക് മറുകരയെത്താനുള്ള മാർഗവും അടഞ്ഞു. തുടർന്ന് കഴിഞ്ഞ വർഷം നഗരസഭാധികൃതർ ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ പണം സ്വരൂപിച്ച് പുത്തൻ തോണി നീറ്റിലിറക്കുകയായിരുന്നു. പുതിയ പാലം വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും.
25 : ബഡ്ജറ്റിൽ വകയിരുത്തിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമ്മാണം
പാലം യാഥാർത്ഥ്യമാകുന്നതോടെ കന്നിട്ട ജെട്ടി മുതലുള്ള ജനങ്ങൾക്ക് വേഗത്തിൽ ചുങ്കം പാലത്തിലെത്താം. നഗരത്തിലേക്ക് പ്രവേശിക്കാനുള്ള എളുപ്പമാർഗം കൂടിയാകും. നിർമ്മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്
- രാജഗോപാലൻ, പ്രദേശവാസി