ആലപ്പുഴ : അമ്മ ഇനിയില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ ആശയുടെ മടങ്ങിവരവിനായി വീട്ടുപടിക്കൽ കാത്തിരിക്കുകയാണ് മക്കളായ അവന്തികയും ആദവും. അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞു... തുറവൂരിലെ വീട്ടിൽ പോയതായിരിക്കും...സ്വയം സമാധാനിക്കുകയാണ് ഈ കുരുന്നുകൾ. ലാപ്രോസ്കോപിക് ശസ്ത്രക്രിയയെത്തുടർന്ന് കഴിഞ്ഞദിവസം മരണമടഞ്ഞ പഴവീട് ശരത്ത് ഭവനിൽ ആശയുടെ മക്കളാണ് അവന്തികയും(9) ആദവും(4). കുഞ്ഞുങ്ങളുടെ ചോദ്യത്തിന് മുന്നിൽ നീറുകയാണെന്ന് ശരത്തിന്റെ അച്ഛൻ ശശി വിതുമ്പലോടെ പറഞ്ഞു. മതിലിൽ ഒട്ടിച്ചിരുന്ന ആശയുടെ ഫോട്ടോ കണ്ട് ആദവ് ചോദ്യം ആവർത്തിച്ചതോടെ ഇത് നീക്കം ചെയ്തു.

ഓസ്ട്രേലിയയിൽ ക്രൂയിസ് കപ്പലിലായിരുന്ന ഭർത്താവ് ശരത് ശസ്ത്രക്രിയക്ക് തലേദിവസമാണ് ആശയുമായി അവസാനമായി സംസാരിച്ചത്. പരിശോധനാഫലങ്ങളിൽ കുഴപ്പങ്ങളില്ലെന്നും വനിതാ ഡോക്ടറാണ് ലാപ്രോസ്കോപി ചെയ്യുന്നതെന്നും ആശ പറഞ്ഞിരുന്നു. അടുത്തമാസം 23ന് അവധിക്ക് നാട്ടിലെത്താനുള്ള തയാറെടുപ്പിലായിരുന്നു അപ്പോൾ ശരത്. ആശയുടെ നില ഗുരുതരമാണെന്ന് അറിയിച്ചതനുസരിച്ച് നാട്ടിലെത്തിയ ശരത്തിനോട് വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിമദ്ധ്യേ സുഹൃത്തുക്കളാണ് മരണവിവരം അറിയിച്ചത്. ഡിസംബർ 25ന് ആശയ്ക്ക് ലാപ്രോസ്കോപി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, അന്ന് ഡോക്ടർ അവധിയായതിനെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. ആശ ചികിത്സതേടിയ വനിതാ ഡോക്ടർക്ക് പകരം പുരുഷഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം പറയുന്നു.

ആംബുലൻസ് സജ്ജമാകാൻ 55 മിനിട്ട്

ബന്ധുവായ സ്ത്രീയ്ക്കൊപ്പമാണ് ആശ കടപ്പുറം വനിതാശിശു ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ ആരംഭിക്കാൻ രണ്ട് മണിക്കൂറിലധികം വൈകി. ഓപ്പറേഷൻ തിയേറ്ററിലേക്ക് പലരും തിരക്കിട്ട് ഓടുന്നത് കണ്ട ബന്ധു ഇടയ്ക്ക് തുറന്ന വാതിലിലൂടെ നോക്കിയപ്പോൾ ആശയ്ക്ക് സി.പി.ആർ നൽകുന്നതാണ് കണ്ടത്. ഹൃദയാഘാതമെന്ന് തിരിച്ചറിഞ്ഞ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്ന് അറിയിച്ചെങ്കിലും അവിടെവരെ എത്തില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ആംബുലൻസടക്കം സജ്ജമാകാൻ 55 മിനിട്ടെടുത്തു. ഡോക്ടർമാരാരും ഒപ്പം വരാൻ തയ്യാറായില്ല. ബന്ധു ആംബുലൻസിന് വട്ടം നിന്നതോടെയാണ് ഒരു അനസ്തേഷ്യ ഡോക്ടർ ആംബുലൻസിൽ കയറിയത്.

ഡോക്ടർമാരെ രക്ഷിക്കാൻ ഒത്തുകളിയെന്ന് കുടുംബം

 ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ പരിശോധിച്ച വനിതാഡോക്ടർ ആശ മരിച്ചെന്നാണ് ഭർതൃപിതാവിനെ ആദ്യം അറിയിച്ചത്

 എന്നാൽ, ഹൃദയമിടിപ്പുണ്ടെന്നും മരിച്ചിട്ടില്ലെന്നും നിമിഷങ്ങൾക്കകം മാറ്റിപ്പറഞ്ഞു. കാർഡിയാക് ഐ.സി.യുവിലേക്ക് മാറ്റുന്നതിന് പകരം മെഡിക്കൽ ഐ.സി.യുവിലേക്കാണ് മാറ്റിയതെന്നും കുടുംബത്തിന് പരാതിയുണ്ട്.

 കടപ്പുറം ആശുപത്രിയിലെ ഡോക്ടർമാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ശ്രമിച്ചതായി കുടുംബം സംശയിക്കുന്നു.

 ഹൃദയ മസിലുകൾ ചുരുങ്ങുന്ന ബ്രുഗാഡാ സിൻഡ്രോമായിരിക്കാം ആശയെ ബാധിച്ചതെന്ന് പറഞ്ഞ് കൈകഴുകാൻ ആശുപത്രി അധികൃതർ ശ്രമിച്ചിരുന്നു

 വെന്റിലേറ്ററിൽ കിടക്കുമ്പോൾ വായിൽ നിന്ന് കഫം പുറത്തുവന്നിട്ട് നീക്കം ചെയ്യാൻപോലും അങ്ങോട്ട് ആവശ്യപ്പെടേണ്ടിവന്നുവെന്ന് ബന്ധുക്കൾ പറയുന്നു