
ഹരിപ്പാട് : കരുവാറ്റ കുറിച്ചിക്കൽ പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ നാട്ടുകാർക്ക് ഇപ്പോഴും ആശ്രയം കടത്തുവള്ളങ്ങളിലെ അപകടയാത്ര. കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും ബന്ധിപ്പിക്കുന്ന നെടുമുടി-കരുവാറ്റ റോഡിലെ നീളം കൂടിയ പാലമാണ് കുറിച്ചിക്കൽ പാലം.
2016 ഫെബ്രുവരിയിലാണ് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പാലത്തിന് തറക്കല്ലിട്ടത്. 28.25 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. രണ്ടു വർഷം കൊണ്ട് പാലം പണി പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ ഏഴു വർഷമായിട്ടും പാലത്തിന്റെ പണി എങ്ങുമെത്തിയിട്ടില്ല. 260 മീറ്റർ നീളത്തിൽ ലീഡിംഗ്ചാനലിൽ നിർമ്മിക്കുന്ന പാലത്തിന് ഒൻപത് സ്പാനുകളാണുള്ളത്.ഇതിൽ ഏഴെണ്ണം പൂർത്തിയായി. ബാക്കിയുള്ള രണ്ടു സ്പാനുകളുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. അപ്രോച്ച് റോഡിന്റെ നിർമ്മാണവും ബാക്കിയാണ്.
കരുവാറ്റയിലെ ഒറ്റപ്പെട്ട തുരുത്തായ കാരമുട്ടിലെ ജനങ്ങൾക്ക് പുറംലോകത്ത് എത്താനുള്ള ഗതാഗത മാർഗമാണ് കുറിച്ചിക്കൽ പാലം. ഇപ്പോൾ എസ്.എൻ കടവിലെ ജങ്കാറിലും കുറിച്ചിക്കൽ കടവിലെ കടത്തുവള്ളങ്ങളിലുമാണ് ജനങ്ങൾ ലീഡിംഗ് ചാനൽ കടക്കുന്നത്. കുറിച്ചിക്കൽ കടവിൽ കടത്തുവള്ളത്തിൽ പലകയിട്ടാണ് ഇരുചക്രവാഹനങ്ങൾ ആറിന് മറുകരയിൽ എത്തിക്കുന്നത്. ജലനിരപ്പ് ഉയരുമ്പോൾ വള്ളത്തിലെ യാത്ര ഏറെ അപകടമാണ്. രണ്ട് എൽ.പി.സ്‌കൂളുകളാണ് കാരമുട്ടിലുള്ളത്. ഇവിടേക്കുള്ള കുട്ടികളും ആടിയുലയുന്ന വള്ളത്തിലാണ് സ്‌കൂളിലേക്ക് എത്തുന്നത്. രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിലും ചെറിയ വള്ളം തന്നെയാണ് ആശ്രയം. യഥാസമയം ചികിത്സ കിട്ടാതെ രോഗികൾ മരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കുറിച്ചിക്കൽ പാലത്തിന്റെ പൂർത്തീകരണത്തിന് 12 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായി. എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതലായതിനാൽ സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറയുന്നത്.
കരാർകമ്പനിയെ ഒഴിവാക്കി
തൊഴിൽ തർക്കം, പ്രളയം, വെള്ളപ്പൊക്കം എന്നിവ പണിയെ പ്രതികൂലമായി ബാധിച്ചു
വീഴ്ചകളെത്തുടർന്ന് നിർമ്മാണം ഏറ്റെടുത്തിരുന്ന കമ്പനിയുടെ കരാർ റദ്ദാക്കിയിരുന്നു
തുടർന്ന് നാലു തവണ ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല
ഇതോടെ മൂന്നര വർഷമായി പണി നിലച്ചിരിക്കുകയാണ്