photo

ആലപ്പുഴ: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ചെറിയ കലവൂരിൽ നിർമ്മിച്ച അസാപ് (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) സ്‌കിൽ പാർക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള അതിവിശാലമായ പരിശീലന കേന്ദ്രങ്ങൾ നൂതന തൊഴിൽ രംഗങ്ങളിലേക്ക് യുവജനതയെ പ്രാപ്തമാക്കും. തീരദേശ ജില്ലയായ ആലപ്പുഴയുടെ പ്രത്യേകത കണക്കിലെടുത്ത് സ്‌കൂബ ഡൈവിംഗ് പരിശീലനവും നൽകിവരുന്നതായും മന്ത്രി പറഞ്ഞു.

പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 1.9 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ല പഞ്ചായത്തംഗം ആർ.റിയാസ്, പി.പി.സംഗീത, സുദർശനാഭായി, പി.എ.ജുമൈലത്ത്, വി.എം.തിലകമ്മ, വി.എസ്.ഗീതാ കുമാരി, ജി.ബിജുമോൻ, ജോയ് സെബാസ്റ്റ്യൻ, ഇ.വി.സജിത് കുമാർ, കെ.വി.രാജേഷ് , ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.