ആലപ്പുഴ : ആദ്യ സമ്പൂർണ ശിശുസൗഹൃദ പഞ്ചായത്താകാൻ ഒരുങ്ങി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി വീടുകൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും ശിശുസൗഹൃദ അന്തരീക്ഷമൊരുക്കും. 2021-22ൽ ആരംഭിച്ച പദ്ധതി 2023-24ൽ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പദ്ധതി ലക്ഷ്യം കൈവരിക്കും. എല്ലാ വാർഡുകളിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ച സംസ്ഥാനത്തെ ആദ്യപഞ്ചായത്തുകൂടിയാണ് പുന്നപ്ര തെക്ക്. ചൈൽഡ് ഒബ്സർവേറ്ററി കമ്മിറ്റി, പദ്ധതി നിരീക്ഷണത്തിന് ചൈൽഡ് റിസോഴ്‌സ് കമ്മിറ്റി എന്നിവയും രൂപീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും 'ബാലസൗഹൃദ ഭവനം' എന്നെഴുതിയ സ്റ്റിക്കർ പതിക്കും. സ്‌കൂളുകൾ, ഓഫീസുകൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ശിശു സൗഹൃദ ബോർഡുകൾ സ്ഥാപിക്കും. എല്ലാ സ്‌കൂളുകളിലും ജനുവരി 31നകം രക്ഷിതാക്കൾക്കായി പരിശീലനം സംഘടിപ്പിക്കും.
സ്‌കൂളുകളിൽ വൺ ടേബിൾ വൺ ചെയർ
1.അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ വൺ ടേബിൾ വൺ ചെയർ, വർണ്ണക്കൂടാരം, കളിസ്ഥലം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി
2.ചുറ്റുമതിൽ, ടോയ്ലറ്റ് ബ്ലോക്ക്, എം.സി.എഫ്., സോക് പിറ്റ്, പരിസര ശൂചീകരണം തുടങ്ങിയ പ്രവൃത്തികൾ എം.ജി.എൻ.ആർ.ഇ.ജി.എസ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ടെൻഡർ ചെയ്തു.
3.അങ്കണവാടികളിൽ കളിപ്പാട്ടം, ഫ്‌ളാഗ് പോസ്റ്റ്, ചുമർ ചിത്രങ്ങൾ, പ്രഷർ കുക്കർ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കി.ഫാമിലി ഹെൽത്ത് സെന്റർ(എഫ്.എച്ച്.സി.) ശിശു സൗഹൃദ അന്തരീക്ഷമാക്കി
2774 : പഞ്ചായത്തിൽ 3നും 18നും മദ്ധ്യേ പ്രായമുള്ള കുട്ടികളുള്ള വീടുകൾ
പഞ്ചായത്ത് ഓഫീസിൽ മുലയൂട്ടൽ കേന്ദ്രം പുനർനിർമ്മിക്കും. കുട്ടികൾക്ക് ഇരിക്കുന്നതിനായി ചെറിയ കസേരകൾ സജ്ജീകരിക്കും. രണ്ടു മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കാനാകും
പി.ജി.സൈറസ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്