
ഹരിപ്പാട്: മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും പകരംവെക്കാനില്ലാത്ത സംഭാവനകൾ നൽകിയ പി. പദ്മരാജന്റെ 33-ാം ചരമവാർഷികം ആചരിച്ചു. പദ്മരാജൻ അന്ത്യവിശ്രമം കൊളളുന്ന മുതുകുളം, ചൂളത്തെരുവ് ഞവരക്കൽ തറവാട്ടിലെ സ്മൃതിമണ്ഡപത്തിൽ മകൻ അനന്തപദ്മനാഭൻ ദീപം തെളിച്ചു. അനന്തിരവനും നടനുമായ ഹരീന്ദ്രനാഥ്, പദ്മരാജൻ അനുസ്മരണ കമ്മിറ്റി കൺവീനർ ബി. ബാബുപ്രസാദ്, സംവിധായകരായ ജോഷി മാത്യു, വിജയകൃഷ്ണൻ, രഞ്ജിലാൽ ദാമോദരൻ, തിരക്കഥാകൃത്ത് വിനു എബ്രഹാം, നിർമാതാവ് അനിൽ ദേവ്, ബബിത ജയൻ, ചലച്ചിത്ര-സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 'രചന' സാഹിത്യ സിനിമ ശില്പശാല സംവിധായകൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ കമ്മിറ്റി കൺവീനർ ബി. ബാബുപ്രസാദ് അദ്ധ്യക്ഷനായി. ബബിത ജയൻ, നിഷാം മുഹമ്മദ്, എം. വിശ്വരാജൻ പിളള, യു.ശശിഭൂഷൺ നായർ തുടങ്ങിയവർ സംസാരിച്ചു. സംവിധായകൻ രഞ്ജിലാൽ ദാമോദരൻ, തിരക്കഥാകൃത്ത് വിനു എബ്രഹാം, ചലച്ചിത്ര നിരൂപകൻ കവിയൂർ ശിവപ്രസാദ്, നിർമാതാവ് അനിൽ ദേവ്, കവി രജിൻ എസ്. ഉണ്ണിത്താൻ എന്നിവർ ശില്പശാല നയിച്ചു.