മാന്നാർ: നോർക്കയുടെ സംസ്ഥാനത്തെ ആദ്യത്തെ റീജിയണൽ ഓഫീസ് പ്രവാസികൾ ഏറെയുള്ള ചെങ്ങന്നൂരിൽ തുറക്കും. നാളെ വൈകിട്ട് അഞ്ചിന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.രാമകൃഷ്ണൻ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സമീപജില്ലയായ പത്തനംതിട്ടയിലെ പ്രവാസികൾക്ക് കൂടി പ്രയോജനപ്പെടുന്ന റീജിയണൽ ഓഫീസ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ആരംഭിക്കുന്നത്. ഇതോടെ നോർക്കയ്ക്ക് രണ്ടു ഓഫീസുകളുള്ള ഏക ജില്ലയായി ആലപ്പുഴ മാറും. അറ്റസ്റ്റേഷൻ, അപേക്ഷ സ്വീകരിക്കൽ തുടങ്ങി റിക്രൂട്ട്മെന്റടക്കം നോർക്കയുടെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം ചിറ്റൂർ ചേംബേഴ്‌സിൽ എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് ഓഫീസ് പ്രവർത്തനം.