ജാമ്യപേക്ഷയെ എതിർത്ത് വീണ്ടും പൊലീസ്

ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണം പോയ സംഭവത്തിൽ പ്രതിയായ മുൻ ഏരിയ മാനേജർ മീരാമാത്യു വീണ്ടും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജിക്കെതിരെ പൊലീസും കോടതിയിൽ റിപ്പോർട്ട് നൽകി.ഡിസംബർ 14നാണ് ആറ് മാസം മുമ്പ് നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇവർ പിൻവലിച്ചത്.

അതിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും കോടതിയിൽ ഹർജി നൽകിയത്.ഹർജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് തടഞ്ഞ് കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചേർത്തലയിൽ രണ്ടും പട്ടണക്കാട്,അർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിലായി നാലും കേസുകളി​ൽ പ്രതിയാണ് മീരാമാത്യു. നാലു ശാഖകളിലായി നടന്ന സംഭവങ്ങളിൽ പൊലീസ് രജിസ്​റ്റർ ചെയ്ത കേസ് പ്രകാരം 335.08 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.

സംഭവത്തെ തുടർന്ന് ബാങ്ക് അധികൃതർ മേലധികാരികൾക്ക് നൽകിയ പരാതിയെ തുടർന്ന് ജൂൺ 7ന് മീരാമാത്യുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.