
ആലപ്പുഴ : ബോട്ടുകളിൽ യാത്രക്കാർക്ക് പുസ്തകവായനയ്ക്ക് അവസരമൊരുക്കി ജലഗതാഗത വകുപ്പിന്റെ മുഹമ്മ ബോട്ട് സ്റ്റേഷൻ ശ്രദ്ധയാകർഷിക്കുന്നു. മുഹമ്മ-കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന എസ് 52, എസ് 55 ബോട്ടുകളിലാണ് 'പുസ്കകത്തോണി ' എന്ന ലൈബ്രറി ഒരുക്കിയിട്ടുള്ളത്.
യാത്രക്കാരിൽ വായനാശീലം വളർത്താനായി നാഷണൽ സർവീസ് സ്കീം യൂണിറ്റുകളാണ് വകുപ്പിന്റെ അനുമതിയോടെ ബോട്ടുകളിൽ ലൈബ്രറി എന്ന ആശയം യാഥാർത്ഥ്യമാക്കിയത്. 2022 നവംബർ 9ന് എസ് 52 യാത്രാബോട്ടിൽ മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ലൈബ്രറി ഒരുക്കിയപ്പോൾ രാജ്യത്തു തന്നെ ഇത്തരത്തിലെ ആദ്യ ഉദ്യമമായിരുന്നു ഇത്. രണ്ടാമത്തെ ലൈബ്രറി കഴിഞ്ഞ 23ന് എസ് 55 ബോട്ടിൽ കോട്ടയം സി.എം.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 250ൽ അധികം പുസ്തക ശേഖരവുമായി ഒരുക്കി.
മുക്കാൽ മണിക്കൂറോളം നീളുന്ന മുഹമ്മ-കുമരകം യാത്രയിൽ കായൽക്കാറ്റേറ്റ് അക്ഷരമധുരം നുകരുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നുണ്ട്. സഞ്ചാരികളെ ആകർഷിക്കുന്ന പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് മുഹമ്മയിലാണ്. ഇവിടേക്ക് വിനോദ സഞ്ചാരികളുടെ വരവ് ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. അവർക്കും പുസ്തകവായനയ്ക്ക് അവസരമൊരുക്കാൻ ആലോചനയുണ്ട്.
വായനക്കാർ കൂടുന്നു
1.ഇപ്പോൾ 20ശതമാനത്തോളം യാത്രക്കാർ ലൈബ്രറിയിലെ പുസ്തകം വായിക്കുന്നുണ്ട്
2.വായനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ
3.സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളുമാണ് യാത്രക്കാരിൽ നല്ലൊരു ഭാഗം
4.യാത്രക്കാരായ മത്സ്യ-കർഷക തൊഴിലാളികളെയും വായനയിലേക്കെത്തിക്കുക ലക്ഷ്യം
പുസ്തകത്തോണിയിൽ
ഇംഗ്ളീഷ്, മലയാളം,ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ
കഥ, കവിത ജീവചരിത്രം, നോവൽ, ചരിത്രം എന്നിവ
ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും
പരിഭാഷപ്പെടുത്തിയ സാഹിത്യകൃതികൾ
അഭിനന്ദിച്ച് ജീവനക്കാർ
ബോട്ടിൽ പുസ്തകത്തോണി തുടങ്ങുന്നതിന് വകുപ്പുതല അനുമതു നൽകിയ ഡയറക്ടർ ഷാജി വി.നായരെയും സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാനെയും പുസ്തകത്തോണി ഒരുക്കിയ എൻ.എസ്.എസ് യൂണിറ്റിനെയും സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് കമ്മറ്റി അഭിനന്ദിച്ചു യോഗത്തിൽ പ്രസിഡന്റ് അനീഷ് മാൻചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആദർശ്, കമ്മറ്റി അംഗങ്ങളായ പി.സി.ലാൽ, വിനോദ് നടുത്തുരുത്ത്, കിഷോർ, ടി.സന്തോഷ്, രാജേഷ്,അനൂപ് ഏറ്റുമാനൂർ എന്നിവർ പങ്കെടുത്തു .
മുഹമ്മ-മണിയാപറമ്പ് റൂട്ടിലെ ബോട്ടിൽ ലൈബ്രറി സ്ഥാപിക്കാനുള്ള പ്രവർത്തനം ജീവനക്കാരുടെ സഹകരണത്തോടെ ആരംഭിച്ചു. വായനക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്
-കെ.എസ്.ഷാനവാസ് ഖാൻ, സ്റ്റേഷൻമാസ്റ്റർ, മുഹമ്മ