
കായംകുളം : ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും മരുന്നുമില്ലാതെ പ്രവർത്തനം താറുമാറായി ചേരാവള്ളിയിലെ അർബൻ ആശുപത്രി (നഗര പ്രാഥമികാരോഗ്യകേന്ദ്രം). നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ഇവിടെയുള്ളത്. ആ ഡോക്ടർ അവധിയെടുത്താൽ ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കും. മരുന്നുക്ഷാമവും ആശുപത്രിയിൽ രൂക്ഷമാണ്.
കേന്ദ്ര സർക്കാർ നാഷണൽ അർബൻ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ചേരാവള്ളി വ്യവസായ പാർക്കിൽ അർബൻ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.
മുമ്പ് പ്രതിദിനം 230 ഓളം പേർ ഒ.പി യിൽചികിത്സയ്ക്ക് എത്തിയിരുന്ന ഇവിടെ ഇപ്പോൾ 60 മുതൽ 150 ഓളം പേരാണ് ദിവസവും ചികിത്സ തേടി എത്തുന്നത്. ചൊവ്വ,ബുധൻ,ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3വരെയും തിങ്കൾ,വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 7വരെയും ആണ് ഒ.പി പ്രവർത്തന സമയം.
താലൂക്ക് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനും സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് അർബൻ ആശുപത്രികൾ കേരളത്തിലുടനീളം തുറന്നത്.
ശമ്പളം കിട്ടിയിട്ട് രണ്ട് മാസം
 നിലവിലുള്ള തസ്തികകൾ : രണ്ട് ഡോക്ടർമാർ ,3 സ്റ്റാഫ് നേഴ്സ്, രണ്ട് ഫാർമസിസ്റ്റ്
 ആറുമാസമായി ഉള്ളത് ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സും ഒരു ഫാർമസിസ്റ്റും മാത്രം
 നിലവിലുള്ള ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു
അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ
ബന്ധപ്പെട്ടവർ തയ്യാറാകണം.- എ.എം.കബീർ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ