ആലപ്പുഴ: വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിന് ജില്ലയിൽ സമ്മിശ്ര പ്രതികരണം. പണിമുടക്ക് വൻ വിജയമായിരുന്നുവെന്ന് പ്രതിപക്ഷ സർസീസ് സംഘടനയായ സെറ്റോ അവകാശപ്പെടുമ്പോൾ സമരം പരാജയപ്പെട്ടതായി ഇടത് അനുകൂല സംഘടനകൾ ആരോപിച്ചു. ആലപ്പുഴ കളക്ടേറ്റിൽ 95.7 ശതമാനം ജീവനക്കാർ ഹാജരായതായി കളക്ടറുടെ ഓഫീസ് അറിയിച്ചു. 209 ജീവനക്കാരിൽ 9 പേരൊഴികെ എല്ലാവരും ജോലിക്ക് ഹാജരായതായാണ് ഔദ്യോഗിക വിവരം. എന്നാൽ ഡയസ് നോൺ പ്രഖ്യാപിച്ചും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയും സമരത്തെ പരാജയപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടും സർക്കാർ, എയ്ഡഡ് സ്കൂൾ ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടെ 50 ശത്മാനം ജീവനക്കാർ സമരത്തിൽ പങ്കെടുത്തതായി എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.എസ് സന്തോഷ് അറിയിച്ചു. റവന്യൂ വകുപ്പിൽ 94.4 ശതമാനം പേർ ജോലിക്കെത്തിയതായാണ് ഹാജർകണക്ക്. പണിമുടക്കിനോടനുബന്ധിച്ച് ആലപ്പുഴ കളക്ടറേറ്റിൽ പ്രകടനത്തിനിടെ ഇടതുസർവീസ് സംഘടനപ്രവർത്തകരും എൻ.ജി.ഒ സംഘ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. എൻ.ജി.ഒ സംഘ് നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർ സിവിൽ സ്റ്റേഷനുള്ളിൽ യോഗത്തിന് മൈക്ക് ഉപയോഗിച്ചത് ഇടതു സർവീസ് സംഘടനയിൽപ്പെട്ടവർ ചോദ്യം ചെയ്തതാണ് പ്രശ്നം. പിന്നീട് ഇടതുസംഘടനയായ സമരസമിതി ആക്ഷൻ കൗൺസിൽ നേതാവ് മൈക്ക് ഉപയോഗിച്ചതിനെതിരെ എൻ.ജി.ഒ സംഘ് പ്രവർത്തകരും രംഗത്തെത്തിയത് പൊലീസ് ഇടപെടീലിന് കാരണമായി. പൊലീസ് ഇടപെട്ടതോടെ മൈക്കില്ലാതെയാണ് ജോലിക്കെത്തിയ ജീവനക്കാരെ ഇടതു സംഘടനാനേതാക്കൾ അഭിവാദ്യം ചെയ്തത്. നഗരത്തിലെ മിനി സിവിൽ സ്റ്റേഷൻ, നഗരസഭ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു.