
ആലപ്പുഴ: നവകേരളസദസിനിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറിനും സുരക്ഷാസേനാംഗം എസ്. സന്ദീപിനും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകി. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് നൽകിയത്.
കേസിൽ ഒന്നാം പ്രതിയാണ് അനിൽകുമാർ. സന്ദീപും കണ്ടാലറിയാവുന്ന മറ്റ് ഉദ്യോഗസ്ഥരുമാണ് കൂട്ടുപ്രതികൾ. കോടതി നിർദ്ദേശപ്രകാരം കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസ് നടപടിക്കൊരുങ്ങിയത്. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരിക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ലഭിക്കാം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജ്യുവൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവർക്കാണ് ഡിസംബർ16നാണ് മർദ്ദനമേറ്റത്. സൗത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതിരുന്നതിനെ തുടർന്ന് ജ്യൂവലും തോമസും ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. അന്വേഷണം ഇഴയുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചതിനിടെയാണ് പൊലീസ് നോട്ടീസ് നൽകിയത്.