ഒരാൾക്ക് പരിക്ക്
ആലപ്പുഴ: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസുനേരെ കല്ലേറുണ്ടായി. കൊടികെട്ടിയ കമ്പും മണ്ണും പ്രവർത്തകർ വാരിയെറിഞ്ഞു. പൊലീസിന്റെയും നേതാക്കളുടെയും സമയോചിതമായ ഇടപെടലാണ് രംഗം ശാന്തമായത്. യൂത്ത് കോൺഗ്രസ് ആലപ്പുഴ ബീച്ച് മണ്ഡലം പ്രസിഡന്റ് അർജുൻ ഗോകുലിന് സാരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചക്ക് 12.30ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മാർച്ച് ജില്ലാ ജയിൽ റോഡ് ജംഗ്ഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തള്ളി നീക്കാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ പിന്തിരിപ്പിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. സി.ആർ.മഹേഷ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം നേതാക്കൾ മാറുന്നതിന് മുമ്പേ പ്രവർത്തകർ വീണ്ടും പ്രകോപിതരായി. ബാരിക്കേഡ് മറിച്ചിടാനുള്ള നീക്കത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റുമാരായ അബിൻവർക്കി, അരിത ബാബു ഉൾപ്പെടെയുള്ള നേതാക്കൾ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞു. ഇതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 50ഓളം യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തു.