canal

വള്ളികുന്നം : കുഴൽക്കിണർ തകരാറിനെ തുടർന്ന് വാട്ടർ അതോറിട്ടിയുടെ ജലവിതരണം മുടങ്ങിയ വള്ളികുന്നം നിവാസികൾക്ക് ആശ്വാസമായി കനാൽവെള്ളമെത്തി. ഇതോടെ വള്ളികുന്നം ഗ്രാമപഞ്ചായത്തുൾപ്പെടെ താമരക്കുളം, ചാരുംമൂട്, നൂറനാട് മേഖലകളിലെ വയലുകളിലും തോടുകളിലുമെല്ലാം നീരൊഴുക്ക് സജീവമായി.

കനാൽവെള്ളം വന്നതിനെ തുടർന്ന് വള്ളികുന്നം ചിറ, രാമഞ്ചിറ തുടങ്ങിയ ചിറകളിലും വീടുകളിലെ കിണറുകളിലും ജലനിരപ്പ് ഉയർന്നു. ഇന്നലെയാണ് കനാൽ തുറന്നുവിട്ടത്. വള്ളികുന്നം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ആര്യാട്ട് കാവിന് സമീപത്തെ വാട്ടർ അതോറിട്ടിയുടെ കുഴൽകിണർ ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് പഞ്ചായത്തിലെ 1,2,3,4, 5 വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായത് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത വന്നതിന് പിന്നാലെയാണ് ഇന്നലെ കനാൽ തുറന്നത്.

വള്ളികുന്നം പടയണിവെട്ടത്തെ ജൽജീവൻ പദ്ധതിവക ഓവർ ഹെഡ് ടാങ്കിന് സമീപം കുഴൽക്കിണർ സ്ഥാപിച്ചാൽ മാത്രമേ പൈപ്പ് വഴിയുള്ള ജലവിതരണം പ്രദേശത്ത് സാദ്ധ്യമാകൂ. പു​തു​താ​യി​ ​പൈ​പ്പ് ​ലൈ​ൻ​ ​സ്ഥാ​പി​ക്കാ​ൻ​ ​വേ​ണ്ടി​വ​രു​ന്ന​ ​പ​തി​ന​ഞ്ച് ​ല​ക്ഷം​ ​ലാ​ഭി​ക്കാ​മെ​ന്ന് ​എം.​എ​ൽ.​എ​യു​ടെ​യും​ ​പ​ഞ്ചാ​യ​ത്തി​ന്റെ​യും​ ​നി​ർ​ദേ​ശം​ ​അം​ഗീ​ക​രി​ച്ചെ​ങ്കി​ലും​ ​കു​ഴ​ൽ​ ​കി​ണ​ർ​ ​നി​ർ​മ്മാ​ണം​ ​നീ​ളു​ക​യാ​ണ്.​ ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥരെത്തി വേണം കുഴൽക്കിണർ നിർമ്മാണം ആരംഭിക്കേണ്ടത്. അതുവരെ പ്രദേശത്ത് വാഹനങ്ങളിൽ വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമാണ്.

കൃഷിക്കും ആശ്വാസം

കനാൽ തുറന്നത് മീനച്ചൂടിൽ കരിഞ്ഞുണങ്ങിയ പച്ചക്കറി, വാഴ, മരച്ചീനി തുടങ്ങിയ കരകൃഷികൾക്കും വലിയ ആശ്വാസമായി. കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടതോടെ കന്നുകാലികളെ കുളിപ്പിക്കാനുൾപ്പെടെ വെള്ളമില്ലാതെ ക്ഷീരകർഷകരും ദുരിതത്തിലായിരുന്നു.