photo

ആലപ്പുഴ: 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. നാളെ രാവിലെ 9ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ മന്ത്രി പി.പ്രസാദ് ദേശീയപതാക ഉയർത്തും. ജനപ്രതിനിധികൾ, കളക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, അഡീഷണൽ എസ്.പി എസ്.ടി.സുരേഷ് കുമാർ, ഡപ്യൂട്ടി കമാണ്ടന്റ് വി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുക്കും. 8.52ന് ജില്ലാ പൊലീസ് മേധാവി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 8.55ന് ജില്ലാ കളക്ടറും 8.59 ന് മന്ത്രി പി.പ്രസാദും അഭിവാദ്യം സ്വീകരിക്കും. ദേശീയപതാക ഉയർത്തിയ ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും. ലോക്കൽ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ് വിഭാഗം, എസ്.പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, റെഡ് ക്രോസ്, ബുൾബുൾ, കബ്‌സ് തുടങ്ങിയ ഇനങ്ങളിൽ 12 പ്ലാട്ടൂണുകളും 4 ബാന്റ് സംഘവും ഉൾപ്പെടെ ആകെ 16 പ്ലാട്ടൂണുകളാണ് പരേഡിൽ അണിനിരക്കുന്നത്. പൂച്ചാക്കൽ സി.ഐ എം.അജയ് മോഹനാണ് പരേഡ് കമാൻഡർ. ഡെപ്യൂട്ടി കമാണ്ടന്റ് വി.സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അവസാനവട്ട പരേഡ് റിഹേഴ്‌സൽ ഇന്നലെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പരിശോധിച്ചു.