arr

അരൂർ : അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നടത്തുന്ന പൈലിംഗിനു ശേഷം പുറന്തള്ളുന്ന ചെളിയും മണ്ണും ഉപയോഗിച്ച് അരൂർ, എഴുപുന്ന, കോടംതുരുത്ത് അടക്കമുള്ള പഞ്ചായത്തുകളിലെ നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതായി പരാതി.

ചെളിയും മണ്ണും നീക്കം ചെയ്യാൻ കരാറെടുത്തിരിക്കുന്നവർ വാഹനങ്ങൾക്ക് വ്യാജ വാഹന നമ്പറുകൾ ഉപയോഗിച്ചും നമ്പർ പ്ലേറ്റുകൾ മറച്ചും രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലുമായാണ് അരൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിലം നികത്തുന്നത്. നെൽവയലുകളും തണ്ണീർതടങ്ങളും ഒരു സെന്റിന് നിശ്ചിത തുക നിശ്ചയിച്ച് സ്ഥലമുടമകളിൽ നിന്ന് പണം വാങ്ങിയാണ് നികത്തി നൽകുന്നത്. കരാറുകാർക്ക് ഒത്താശയുമായി ഗൂണ്ടാ സംഘങ്ങളും പ്രവർത്തിക്കുന്നതിനാൽ പ്രതികരിക്കാൻ നാട്ടുകാർക്കും പേടിയാണ്. ഇതു സംബന്ധിച്ച് ജെ.എസ്. എസ്.അരൂർ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയ്ക്കും റവന്യുമന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.

തണ്ണീർത്തടങ്ങൾ പൂർവസ്ഥിതിയിലാക്കണം

നികത്തിയ നെൽവയലുകളും തണ്ണീർത്തടങ്ങളും പൂർവ സ്ഥിതിയിലാക്കാനുള്ള കോടതി വ്യവഹാരത്തിനായി ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരെ ഉൾപ്പെടുത്തി ജെ.എസ്. എസ്.അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഗൽ സെൽ രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി റാഫേൽ ഉദ്ഘാടനം ചെയ്തു.വി.കെ.ഗൗരീശൻ, യു.കെ.കൃഷ്ണൻ, ലെനിൻ, മനോജ് തോമസ്, പ്രസന്നൻ, പുഷ്ക്കരൻ, വിജയൻ, എ. കെ.ബാബു, ടി.ഒ.റാഫേൽ, ചിയാംങ്ങ് വിജയൻ, നാസർ, സന്ദീപ്, നിഥിൻ, മനേഷ്, ഫർഖാൻ റഹിം,ഷാജി എന്നിവർ സംസാരിച്ചു