ഹരിപ്പാട്: മദ്ധ്യതിരുവിതാംകൂറിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ കാവടിയാടുന്ന ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ തൈപ്പൂയ കാവടിയാട്ടം നടക്കും. ഹരിപ്പാടും സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും 5000ൽ പരം കാവടികളാണ് മുരുകസന്നിധിയിലെത്തുക. തൈപ്പൂയമഹോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. തൈപ്പൂയത്തിന്റെ സുഗമമായ നടത്തിപ്പിനായി കാവിടി നിറയുള്ള ക്ഷേത്രങ്ങളിലെ വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനായി ദേവസ്വം ഓഫീസിൽ ബുക്ക് സ്ഥാപിച്ചിട്ടുണ്ട്. ശൂലക്കാവടികൾ ക്ഷേത്രത്തിനുളളിൽ പ്രവേശനമില്ല. കാവടിയോടൊപ്പം സ്ത്രീകൾ ക്ഷേത്ര നാലമ്പലത്തിനുളളിൽ പ്രവേശിക്കരുത്. ഇടവേളകളിൽ സ്ത്രീകൾക്ക് ദർശനം നടത്താം. തൈപ്പൂയ ദിവസം വടക്കേ കവാടത്തിലൂടെയുള്ള പ്രവേശനം നിരോധിച്ചു. അഭിഷേകത്തിനുള്ള ടിക്കറ്റുകൾ ദേവസ്വം ഓഫീസിൽ ലഭിക്കും. ക്ഷേത്ര സംസ്കാരത്തിനു യോജിച്ച മേളങ്ങൾ മാത്രമേ കാവടിക്ക് ഉപയോഗിക്കാൻ പാടുള്ളു. അഭിഷേകം ശുദ്ധിയായി നടത്തുന്നതിന് കാവടി ദ്രവ്യം സംഭരിച്ച് അഭിഷേകത്തിന് കൊടുക്കേണ്ട പാത്രങ്ങൾ ഓരോ ക്ഷേത്രങ്ങളിൽ നിന്ന് കൊണ്ടുവരണം. വെളുപ്പിന് 3.30ന് ആരംഭിക്കുന്ന എണ്ണ അഭിഷേകം രാവിലെ 5ന് അവസാനിക്കും. 6 മണിയോടെ മറ്റ് ദ്രവ്യങ്ങളുടെ അഭിഷേകം ആരംഭിക്കും. എണ്ണക്കാവടി ഒഴികെയുള്ള കാവടികൾ രാവിലെ 5.30ന് ശേഷമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ. വൈകിട്ട് ആടുന്ന കുങ്കുമം, ഭസ്മം, പുഷ്പം എന്നീ കാവടികൾ രാത്രി 7.30ന് മുമ്പ് ക്ഷേത്രത്തിൽ എത്തണം. തൈപ്പൂയത്തിന്റെ സുഗമമായ നടത്തിപ്പിന് ക്ഷേത്ര ജീവനക്കാരുടെയും ഭഗവത് സേവകരുടെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാവടി നിറ ദ്രവ്യങ്ങൾ ഭക്തജനങ്ങളുടെ ശരീരത്ത് വിതറുന്നത് ആചാരവിരുദ്ധമായതിനാൽ അത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.