d

ആലപ്പുഴ : ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ നടത്തിയ ലാപ്രാസ്കോപിക് ശസ്ത്രക്രിയയെ തുടർന്ന് പഴവീട് ശരത് ഭവനിൽ ആശ ശരത് (31) മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായതായാണ് റിപ്പോർട്ടിലുള്ളത്. ശസ്ത്രക്രിയയെത്തുടർന്ന് ഹൃദയാഘാതവും തലച്ചോറിൽ നീർക്കെട്ടുമുണ്ടായി. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായും റിപ്പോർട്ടിലുണ്ട്. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ പൊലീസ് സർജനെയും ഉൾപ്പെടുത്തണം, ആലപ്പുഴ മെഡിക്കൽ കോളേജിലെ മറ്റു ഡോക്ടർമാരെ ആരെയും ബോർഡിൽ ഉൾപ്പെടുത്തരുത് തുടങ്ങിയ ആവശ്യങ്ങളും കുടുംബം ഉന്നയിച്ചു. മരണം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ആരോഗ്യവകുപ്പിൽ നിന്ന് ആരും ഇവരെ വിളിച്ച് അന്വേഷിച്ചിട്ടില്ല. വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. കുടുംബം ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷയെത്തുടർന്നാണ് പൊലീസ് സർജൻ ഡോ.ബി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പോസ്റ്റുമോർട്ടം നടത്തിയത്.