
മാന്നാർ: യാത്രക്കാർക്ക് ഭീഷണിയായി മാറിയ കുട്ടംപേരൂർ മുട്ടേൽ ചിറയ്ക്കൽ-ചാങ്ങയിൽ റോഡിലെ അപകടക്കുഴിക്ക് പരിഹാരമാകുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ മുട്ടേൽ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള പഞ്ചായത്ത് റോഡിലെ ചിറയ്ക്കൽ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങൾ മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞുതാണ് വലിയ കുഴികൾക്ക് ഇടയാക്കിയത്.ഇതേതുടർന്ന് യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. വാർഡ് മെമ്പർ രാധാമണി ശശീന്ദ്രന്റെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി.ആർ.ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ രാധാമണി ശശീന്ദ്രൻ, അനീഷ് മണ്ണാരേത്ത്, ഗ്രാമപഞ്ചായത്ത് അസി.എൻജിനിയർ സുമി എന്നിവരുൾപ്പെട്ട സംഘം സ്ഥലം സന്ദർശിക്കുകയും താത്കാലികമായി മണ്ണിട്ട് കുഴി നികത്തി അപകട ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിച്ചു.
.....
''പിച്ചിംഗ് കെട്ടുന്നതിന് ഫണ്ട് വച്ചിട്ടുണ്ട്. ഡി.പി.സി അഗീകാരം കിട്ടിയാലുടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി ശാശ്വത പരിഹാരം ഉണ്ടാകും.
ടി.വി രത്നകുമാരി ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാന്നാർ