ആലപ്പുഴ: കേരള ഫോക് ലോർ അക്കാദമിയുടെ 2022ലെ അവാർഡ് പ്രഖ്യാപനത്തിൽ ആലപ്പുഴയ്ക്ക് അഭിമാന നേട്ടം. വിവിധ നാടൻ കലാ രൂപങ്ങളുടെ പ്രചരണത്തിനും, അവതരണത്തിനുമായി പതിനൊന്ന് പേരാണ് ജില്ലിയിൽ പുരസ്ക്കാരത്തിന് അർഹരായത്.
ഡോ.വി.പി.ജോസഫ് (ചവിട്ടുനാടകം)
ഫോക് ലോർ അകാദമിയുടെ ഫെല്ലോഷിപ്പിന് അർഹനായി. കാലത്തിന് കൈമോശം വരുന്ന കടലോര കലാരൂപങ്ങളായ പിച്ചപ്പാട്ട്, അണ്ണാവിപ്പാട്ട്, പുത്തൻപാനസ അമ്മാനം, ദേവാസ്തവിളി, പോർച്ചുഗീസ് പരിചകളി, ചവിട്ടുനാടകം തുടങ്ങിയ മേഖലകളിൽ പ്രാവിണ്യം. മുപ്പത്തിയഞ്ച് വർഷമായി ഫോക് ലോർ കലാരംഗത്ത് പ്രവർത്തിക്കുന്നു. കലവൂർ കൃപാസനം ഡയറക്ടറാണ്.
എൻ.സുകുമാരൻ (വേലൻപാട്ട്)
അന്യം നിന്നുപോകുന്ന പാരമ്പര്യ ക്ഷേത്രാനുഷ്ഠാന കലകളിലൊന്നായ വേലൻപാട്ട് ഇപ്പോഴും അവതരിപ്പിക്കുന്നു. അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം ലഭിച്ചു. ഹരിപ്പാട്ട് വെട്ടുവേനി കൃഷ്ണകൃപയിൽ എൻ.സുകുമാരൻ മുപ്പത് വർഷമായി കലാരംഗത്തുണ്ട്.
ദിലീപ് ഗോപിനാഥ് (പടയണി)
മുണ്ടൻകാവ് പടയണി കളരിയിലെ തുള്ളൽക്കാരനായും തപ്പ് കൊട്ടുകാരനായും പ്രവർത്തിക്കുന്നു. ചെങ്ങന്നൂർ മുണ്ടൻകാവ് പെരുമ്പള്ളിൽ വീട്ടിൽ ദിലീപ് പടയണിക്ക് പുറമേ, ഭദ്രകാളി കോലവും, കാലൻ കോലവും കെട്ടിയാടും. ഫോക് ലോർ അവാർഡിന് അർഹനായി.
പുന്നപ്ര ജ്യോതികുമാർ (നാടൻപാട്ട്)
നാടൻ പാട്ട് പ്രചാരകൻ, അവതാരകൻ. എൻ.എസ്.എസ്, എസ്.പി.സി. ജെ.ആർ.സി എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്ന് നാടൻപാട്ട് ഗൗരവത്തിൽ പ്രചരിപ്പിക്കുന്നു. കവിയും, അദ്ധ്യാപകനും, ഗവേഷകനുമായ പുന്നപ്ര പാലാപ്പറമ്പുവെളിയിൽ ജ്യോതികുമാറിന് നാട്ടൻ പാട്ടിനുള്ള പുരസ്ക്കാരമാണ് ലഭിച്ചത്.
പ്രകാശ് പണിക്കർ (കളരിപ്പയറ്റ്)
ഇരുപത് വർഷമായി കളരിപ്പയറ്റ് രംഗത്ത് സജീവം. പരിശീലകനുമാണ്. ചെങ്ങന്നൂർ കാരയ്ക്കാട് തട്ടാവിള പുത്തൻവീട്ടിൽ പ്രകാശ് പണിക്കർക്ക് കളരിപ്പയറ്റ് വിഭാഗത്തിലെ പുരസ്ക്കാരമാണ് ലഭിക്കുന്നത്.
കെ.മുകുന്ദൻ (അർജ്ജുന നൃത്തം)
36 വർഷമായി അർജ്ജുനനൃത്ത രംഗത്ത് സജീവം. ക്ഷേത്രങ്ങളിലും, വിവിധ വേദികളും അവതരിപ്പിക്കുന്നതിന് പുറമേ, പരിശീലനവും നൽകുന്നു. വെളിയനാട് പുത്തൻപറമ്പിലാണ് താമസം.
സുഭദ്ര ഗോപിനാഥൻ (പുള്ളുവൻ പാട്ട്)
അനുഷ്ഠാന കലാരൂപമായ പുള്ളുവൻപാട്ട് രംഗത്ത് 45 വർഷത്തിലധികമായി പ്രവർത്തിക്കുന്നു. 1988ൽ റിപ്പബ്ലിക്ക് ഡേ പരേഡിൽ കേരളത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് പുള്ളുവൻപാട്ട് അവതരിപ്പിച്ചു. മാവേലിക്കര തട്ടാരമ്പലം ഉണിച്ചിരേത്ത് ഗോപികയിൽ സുഭദ്രയ്ക്ക് പുള്ളുവൻപാട്ട് വിഭാഗത്തിലെ പുരസ്ക്കാരമാണ് ലഭിക്കുന്നത്.
സനൽകുമാർ (കുത്തിയോട്ടം)
ഓണാട്ടുകരയുടെ തനത് കലാരൂപമായ കുത്തിയോട്ട രംഗത്ത് 45 വർഷമായി സജീവ സാന്നിദ്ധ്യം. കുത്തിയോട്ട കലാ ഗവേഷകനുമാണ്. മുതുകുളം ഏവൂരേത്ത് സനൽകുമാറിന് കുത്തിയോട്ട് രംഗത്തെ പുരസ്ക്കാരം ലഭിക്കും.
കെ.അച്യുതൻ (കോലംതുള്ളൽ)
അമ്പത് വർഷമായി കോലം തുള്ളൽ രംഗത്ത് പ്രവർത്തിക്കുന്നു. അവതരണവും, പ്രചാരണവും കൂടാതെ നാടൻപാട്ട് രചന, ആലാപനം എന്നീ രംഗത്തും തിളങ്ങുന്ന കലാകാരനാണ് മാവേലിക്കര പല്ലാരിമംഗലം ചാങ്കൂറിൽ അച്യുതൻ.
തങ്കപ്പൻ (വാണിയക്കോലം)
മദ്ധ്യകേരളത്തിലെ പുലയ സമുദായാംഗങ്ങളുടെ പരമ്പരാഗത അനുഷ്ഠാന കലയായ വാണിയക്കോലം 60വർഷമായി കെട്ടിയാടുന്നു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ കൂലിക്കടവിൽ തങ്കപ്പന് വാണിയക്കോലം വിഭാഗത്തിലാണ് പുരസ്ക്കാരം.
വി.വി.ബിനുകുമാർ (കുരുത്തോല കൈവേല)
നാടൻ കലാപ്രവർത്തനവുമായി ബന്ധപ്പെട്ട് 25 വർഷമായി കുരുത്തോല കൈവേല ചെയ്തു വരുന്ന കലാകാരനാണ് മാരാരിക്കുളം വടക്ക് വേടിയത്തുവെളിയിൽ വി.വി.ബിനുകുമാർ.