ഹരിപ്പാട്: പതിനഞ്ചാം വയസ്സിൽ പടിയിറങ്ങിയ പള്ളിക്കൂടത്തിലേക്ക് 60 വർഷത്തിനുശേഷം വീണ്ടും എത്തുന്നു നൂറോളം 75കാർ. ഹരിപ്പാട് ഗവ.ബോയ്സ് ഹൈസ്കൂളിൽ നിന്ന് 1964ൽ എസ്.എസ്.എൽ.സി. പഠിച്ചിറങ്ങിയ നൂറോളം 'ബോയ്സ്' ആണ് 2024 ഏപ്രിൽ 17 ന് വീണ്ടും സ്കൂളിൽ ഒത്തുചേരാൻ പദ്ധതിയിടുന്നത്.

60 വർഷങ്ങളായി പരസ്പരം അറിയാതെ, ലോകത്തിന്റെ വിവിധ കോണുകളിൽ കഴിയുന്ന പഴയ സതീർത്ഥ്യരിൽ കുറേപ്പേരെയെങ്കിലും ഒന്നിച്ചു കാണാൻ കഴിയുന്നതിന്റെ ഉദ്വേഗത്തിലാണ് ഈ മുതിർന്ന പൗരന്മാർ. പുനഃസംഗമം സംഘടിപ്പിക്കുന്നതിലേക്കായി കഴിഞ്ഞ ദിവസം സി. എൻ. എൻ. നമ്പിയുടെ നേതൃത്വത്തിൽ ചേർന്ന പ്രാഥമികയോഗത്തിൽ സ്ഥലവാസികളായ പൂർവവിദ്യാർഥികൾ ചേർന്ന് ഒരു സംഘാടകസമിതി രൂപീകരിച്ചു. ജെ. രാമനാഥൻ (പ്രസിഡന്റ്), വി. ജെ. ശ്രീകുമാർ (സെക്രട്ടറി), കെ. ശ്രീധരൻപിള്ള (ട്രഷറർ) തുടങ്ങിയവരാണ് ഭാരവാഹികൾ. ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ 1964 പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട ഒരു വർഷം ആയിരുന്നു. സംസ്ഥാന ഒന്നാം റാങ്കുകാരനായിരുന്ന, ഇന്നത്തെ പ്രഗത്ഭ കാർഡിയോളജിസ്റ്റ് ഡോ. വി. രാമകൃഷ്ണപിള്ള, കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാനും സെബി അംഗവുമായിരുന്ന എസ്. എസ്. എൻ. മൂർത്തി, കറ്റാനത്തെ പ്രശസ്ത ഭിഷഗ്വരനായ ഡോ. പി. ഗോപിനാഥ് പിള്ള, അഹമ്മദാബാദ് ഐ. ഐ. എം. ചീഫ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന എൻ. വാസുദേവൻ പിള്ള, ഹരിപ്പാട്ടെ പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ നേതാവായ സി. എൻ. എൻ. നമ്പി എന്നിവരുൾപ്പെട്ട പ്രഗത്ഭരുടെ ഒരു വലിയ നിര തന്നെ 1964 ബാച്ചിലെ വിദ്യാർഥികളായിരുന്നു. തങ്ങളുടെ അദ്ധ്യാപകരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരെ ചടങ്ങിൽ ആദരിക്കാനും പദ്ധതിയുണ്ട്. വിവരങ്ങൾക്ക്: 9447976968.