ആലപ്പുഴ : സംഭരണകേന്ദ്രത്തിൽ ആവശ്യത്തിന് സ്റ്റോക്കെത്തിയിട്ടും വിതരണത്തിന് വാഹനം ഇല്ലാത്തതിനെത്തുടർന്ന് ഇ.എസ്.ഐ ആശുപത്രികളിലും ഡിസ്പെൻസറികളിലും മരുന്നിന് ക്ഷാമം. ഇതോടെ ആശുപത്രിയിലെത്തുന്ന രോഗികൾ ഇൻസുലിനടക്കം കിട്ടാതെ മടങ്ങുകയാണ്.

ഇ.എസ്.ഐയുടെ എറണാകുളം ഫോർട്ട് കൊച്ചിയിലുള്ള മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്ന് ആലപ്പുഴയടക്കം വിവിധ ജില്ലകളിലെ 56 ഡിസ്പെൻസറികളിലും 4 ആശുപത്രികളിലും മരുന്നെത്തിക്കാൻ വാഹനമില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സ്റ്റോറിന് ആകെയുള്ള വാഹനം 15വർഷ കാലാവധി പൂർത്തിയായതിനാൽ നിരത്തിലിറക്കാനാകില്ല. പുതിയ വാഹനം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു.

ഫോർട്ട് കൊച്ചിയിലെ സംഭരണകേന്ദ്രത്തിൽ നിന്ന് എല്ലാ ഡിസ്പെൻസറികളിലും മരുന്ന് എത്തിക്കുന്ന നടപടി പൂർത്തിയാക്കാൻ ഇനിയും ഒന്നരമാസത്തോളം വേണ്ടി വരും.

സ്റ്റോക്കെത്തുന്നത് രണ്ടു തവണ

1.കേന്ദ്രസർക്കാരിന്റെ ഇ - മാർക്കറ്റായ ഗവൺമെന്റ് ഇ മാർക്കറ്റ് (ജെം) വഴി വർഷത്തിൽ രണ്ട് തവണയായാണ് എറണാകുളം റീജിയനുള്ള സ്റ്റോക്ക് എത്തുന്നത്

2.ഓരോ ഡിസ്പൻസറിയും, ആശുപത്രികളും സമർപ്പിക്കുന്ന വാർഷിക ഇൻഡന്റ് പരിശോധിച്ച് അതത് കേന്ദ്രത്തിലേക്കുള്ള സ്റ്റോക്ക് തരംതിരിച്ച്, ബോക്സുകളാക്കി ലോഡ് ചെയ്യണം

3.പത്തനംതിട്ട ജില്ലയിലെ പാലമേൽ മുതൽ ഇടുക്കി ജില്ലയിലെ മൂന്നാർ വരെ ഓടാനുള്ളത് ഒറ്റ വാഹനമാണ്. ഒരു ലോഡിൽ അഞ്ഞൂറ് ബോക്സുകൾ വരെയുണ്ടാകും. ചില ആശുപത്രികളിൽ സ്റ്റോക്കെത്തിക്കാൻ ഒന്നിലധികം തവണ പോകേണ്ടിവരും

4.ഇത്തരം കാലതാമസം മൂലം സൗജന്യമായി ലഭിക്കേണ്ട ജീവൻരക്ഷാ മരുന്നുകൾ പുറത്ത് നിന്ന് പണം കൊടുത്ത് വാങ്ങുകയാണ് ഗുണഭോക്താക്കൾ. ചില മരുന്നുകൾക്ക് റീ ഇംബേഴ്സ്മെന്റ് ലഭിക്കാനുള്ള പ്രയാസവും രോഗികളെ വലയ്ക്കുന്നു.

ഇ.എസ്.ഐ എറണാകുളം റീജിയണ് കീഴിൽ

 4 ആശുപത്രികൾ

 56 ഡിസ്പൻസറികൾ

മരുന്ന് സംഭരണകേന്ദ്രത്തിൽ സ്റ്റോക്ക് എത്തിയിട്ടുണ്ട്. വാഹനത്തിന്റെ അപര്യാപ്തത മൂലമാണ് ഡിസ്പൻസറിയിൽ മരുന്നെത്താൻ വൈകുന്നത്

-റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ഇ.എസ്.ഐ

കഴിഞ്ഞ മൂന്ന് മാസമായി ഇൻസുലിന് വേണ്ടി ഇ.എസ്.ഐയിൽ കയറിയിറങ്ങുകയാണ്. എനിക്കും ഭാര്യക്കും കൂടി ഒരു മാസം 11 ബോട്ടിൽ ഇൻസുലിൻ ആവശ്യമാണ്. ഇ.എസ്.ഐയിൽ മരുന്നില്ലാത്തതിനാൽ പുറത്ത് നിന്ന് പണം കൊടുത്ത് വാങ്ങുകയാണ്.റീ ഇൻബഴ്സ്മെന്റ് തുക കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല

- സുദർശനൻ, ഇ.എസ്.ഐ ഗുണഭോക്താവ്