ആലപ്പുഴ : കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ ലാപ്രാസ്‌കോപിക്ക് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി അന്വേഷണം ആരംഭിച്ചു. ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി പ്രമോദ് മുരളിയുടെ നിർദേശപ്രകാരം ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ബി.ബിന്ദുഭായി പഴവീട്ടിലെ ആശാ ശരത്തിന്റെ വീട്ടിലെത്തി ഭർത്താവ് ശരത്, ബന്ധുക്കൾ എന്നിവരിൽ നിന്ന് വിവരങ്ങൾ തേടി. ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നടന്ന പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണവും കാര്യക്ഷമമല്ല. യഥാർത്ഥ മരണകാരണം കണ്ടു പിടിക്കാൻ സമഗ്ര അന്വേഷണവും ബന്ധുക്കൾ ആവശ്യപ്പെട്ടു. നിയമ പരമായ എല്ലാ സേവനവും കുടുംബത്തിന് ഉറപ്പാക്കുമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി അറിയിച്ചു.