അമ്പലപ്പുഴ : 2024 - 2025 സാമ്പത്തിക വർഷത്തെ വാർഷികപദ്ധതി സമർപ്പണത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തി പുറക്കാട് ഗ്രാമപഞ്ചായത്ത്. സർക്കാർ അനുവദിച്ച ഫണ്ട് കൃത്യമായി വിശകലനം നടത്തി ഭരണസമിതി അംഗങ്ങളും ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാരും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് പ്രസിഡന്റ് എ.എസ്.സുദർശനൻ പറഞ്ഞു. 2024-25 വർഷത്തേക്ക് 5,73,24,000രൂപയുടെ 124 പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്.
20 ലക്ഷം രൂപ വകയിരുത്തി വയോജനങ്ങൾക്ക് പകൽവീടും 40 ലക്ഷം രൂപ വകയിരുത്തി സ്മാർട്ട് അങ്കണവാടികളുടെ നിർമ്മാണവും, ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം കംഫർട്ട് സ്റ്റേഷനും എൽ.ഇ.ഡി ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വാർഡുകളിലും മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതും പുറക്കാട് ജംഗ്ഷനിൽ വാട്ടർ കിയോസ്‌ക് സ്ഥപിക്കുന്നതും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.
'അമ്മക്കൂടും' 'സീമന്തിനിയും'
വയോജനങ്ങളുടെ ഉല്ലാസ യാത്രയ്ക്കായി 'പാടാം നമുക്ക് ആടാം'
സഞ്ചരിക്കുന്ന ഗ്രന്ഥശാല വഴി വീടുകളിൽ പുസ്തകം എത്തിക്കുന്നതിന് 'പ്രയാണം'
സ്ത്രീകളുടെ സാമൂഹ്യ പദവി പഠനവുമായി ബന്ധപ്പെട്ട് 'സീമന്തിനി'
അമ്മമാരുടെ കലാമേളയ്ക്കായി 'അമ്മക്കൂട്' എന്ന പദ്ധതി
'മഴവില്ല്' എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമേള
എൽ.പി സ്‌കൂളുകൾക്ക് ക്ലാസ് റൂം ലൈബ്രറി ഒരുക്കുന്നതിന് 'അക്ഷരജ്വാല'
'കുട്ടിപ്പട്ടാളം' എന്ന പേരിൽ അങ്കണവാടി കുട്ടികളുടെ വർണ്ണോത്സവം
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓപ്പൺ ജിംനേഷ്യം
30 ലക്ഷം രുപ വകയിരുത്തി ആധുനിക രീതിയിലുള്ള ശ്മശാന നിർമ്മാണം