mulla

ആലപ്പുഴ: തിരക്കേറിയ നഗരപാതകൾ നീണ്ട ഇടവേളക്ക് ശേഷം വഴിയോരക്കച്ചവടക്കാർ വീണ്ടും കൈയടക്കിയതോടെ കാൽനട - വാഹന യാത്ര ദുഷ്‌കരമായി. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുള്ളതിനാൽ കൈയേറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

മുല്ലയ്ക്കൽ തെരുവിലും ജില്ലാക്കോടതി മുതൽ കോടതിപ്പാലം വരെയും വഴിയോര കച്ചവടം വർദ്ധിച്ചതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചിറപ്പിന് ശേഷമാണ് നടപ്പാതയും റോഡും കൈയേറി വീണ്ടും കച്ചവടം സജീവമായത്. കോടതിപ്പാലത്തിന് വടക്ക് ഭാഗത്ത് വാഹനങ്ങളിലെത്തി കച്ചവടം നടത്തുന്നവരുമുണ്ട്. പഴം, പച്ചക്കറി കച്ചവടക്കാരാണ് ഇവരിൽ ഭൂരിഭാഗവും. റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ നഗരസഭ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വെൻഡിംഗ് സോൺ എവിടെ‌‌?

വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിനായി നഗരസഭ വെൻഡിംഗ് സോൺ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. വൈ.എം.സി.എ മുതൽ തിരുവമ്പാടി വരെയുള്ള വഴിയോരക്കച്ചവടക്കാരെ ബാലഭവൻ റോഡിലും കൊങ്ങിണി ചുടുകാട് കോംപ്ലക്‌സ് പ്രദേശത്തും സീറോ ജംഗ്ഷൻ മുതൽ ഇന്ദിരാ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ കച്ചവടക്കാരെ നഗരസഭ നിർമ്മിക്കുന്ന വെൻഡിംഗ് കോംപ്ലക്‌സുകളിലേക്കും പുനരധിവസിപ്പിക്കുമെന്നതാണ് പദ്ധതി. ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിവരെയും മുഹമ്മദൻസ് ഗേൾസ് സ്‌കൂളിന് മുന്നിലുള്ള റോഡും വെൻഡിംഗ് സോണാക്കുമെന്നാണ് മുൻഭരണസമിതി പറഞ്ഞത്.

പുനരധിവാസ പദ്ധതി

 വഴിയോര കച്ചവടക്കാർക്ക് വെൻഡിംഗ് സോൺ നഗരസഭ നിശ്ചയിച്ച് നൽകും

 ഇവർക്ക് പ്രത്യേകം തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും

 വൈറ്റ് ടോപ്പ് റോഡുകളിൽ വഴിയോര കച്ചവടം നിരോധിക്കും

 പലതട്ടുകൾ സ്ഥാപിച്ച് വാടകയ്ക്ക് നൽകുന്നത് കണ്ടെത്തി നടപടിയെടുക്കും

 പുതിയ കൈയേറ്റങ്ങൾ ഒഴിവാക്കാൻ വഴിയോര കച്ചവടക്കാരുടെ സംഘടനകൾ സഹായിക്കും

തിരിച്ചറിയൽ കാർഡ് നൽകിയത് : 275 പേർക്ക്

"മുല്ലയ്ക്കൽ ചിറപ്പിന് ശേഷം നഗരപാതകൾ കയ്യേറി വഴിയോര കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തരമായി ഇവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കും.

- കെ.കെ.ജയമ്മ, ചെയർപേഴ്സൺ, നഗരസഭ