
തുറവൂർ : ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് ഭാര്യ മരിച്ചു. ഭർത്താവിന് പരിക്കേറ്റു . കോടംതുരുത്ത് മനത്തോടത്ത് വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ മത്തായിയുടെ ഭാര്യ മേരിക്കുട്ടി (മോളി-55) ആണ് മരിച്ചത്. പരിക്കേറ്റ മത്തായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ കോടംതുരുത്ത് ഗവ.വി.വി.ഹയർ സെക്കൻഡറി സ്കൂളിന് തെക്കുഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ഇരുവാഹനങ്ങളും . ടാങ്കർ ലോറിയുടെ മുൻവശം സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് ദമ്പതികൾ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട മേരിക്കുട്ടിയുടെ തലയിലൂടെ അതേ വാഹനത്തിന്റെ ചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാരം നാളെ. കുത്തിയതോട് പൊലീസ് കേസെടുത്തു. പാലക്കാട് രൂപതാ മുൻ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന്റെ സഹോദരനാണ് മത്തായി. മക്കൾ:ലവീന (ഓസ്ട്രേലിയ), ഡെന്നിസ്,ഡേവിസ്. മരുമക്കൾ:ആനന്ദ് (ഓസ്ട്രേലിയ), ജെസ്ന (സെന്റ് മേരീസ് ഹൈസ്കൂൾ, ചേർത്തല).