മാവേലിക്കര : ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് അഡ്വ.രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി 30ന് ശിക്ഷ വിധിക്കും. കേസിൽ 15പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2021 ഡിസംബർ 19നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നിലിട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവി പ്രതികളോട് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ഇന്നലെ നടന്ന സിറ്റിംഗിൽ ആരാഞ്ഞു. ഓരോരുത്തരെയായി ജഡ്ജി സമീപത്തേക്ക് വിളിക്കുകയും പറഞ്ഞ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. കുടുംബത്തിൽ മറ്റ് അംഗങ്ങൾ ഉണ്ടെന്നും പരമാവധി ദയ കാണിക്കണമെന്നും പ്രതികളെല്ലാവരും അപേക്ഷിച്ചു. വാടകവീട്ടിൽ നിന്നും തന്റെ കുടുംബാംഗങ്ങളെ ഇറക്കി വിട്ടിരിക്കുകയാണെന്നും അതുകൊണ്ടു പരമാവധി ദയ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഞ്ചാം പ്രതി സലാം പൊന്നാട് പറഞ്ഞു. തന്റെ കുടുംബം എറണാകുളത്തായതിനാൽ ശിക്ഷ അനുഭവിക്കുന്നതിനായി തൃശൂർ ജയിലിലേക്ക് അയക്കണമെന്ന് ആറാം പ്രതി അബ്ദുൽ കലാം കോടതിയെ ബോധിപ്പിച്ചു.
പ്രതികളുടെ സാമൂഹിക അവസ്ഥ അടക്കമുള്ള വിവരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകളും കോടതി പരിഗണിച്ചു. പ്രതികൾ റിമാൻഡിൽ കഴിഞ്ഞ മാവേലിക്കര സബ് ജയിലിൽ നിന്നും ലഭിച്ച റിപ്പോർട്ടും പ്രതികളുടെ മാനസികാരോഗ്യ നിലയെ സംബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടും കോടതി പരിശോധിച്ചു.
പ്രതികൾക്ക് പരമാവധി ശിക്ഷാഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടപ്പോൾ പരമാവധി ശിക്ഷക്ക് പ്രതികൾ അർഹരാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ വാദിച്ചു.