മാവേലിക്കര: വെട്ടിയാറിൽ മാനവ സൗഹാർദ്ദം വിളിച്ചോതിയുള്ള മലുസ എഴുന്നെള്ളത് ഭക്തി സാന്ദ്രമായി. വൈകിട്ട് 3.30ന് വെട്ടിയാർ പള്ളിയറകാവ് ദേവീ ക്ഷേത്രത്തിലേക്കുള്ള മാലുസ എഴുന്നള്ളത്ത് പള്ളിയിൽ നിന്ന് തിരിച്ചു രാമാനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തി, അവിടുത്തെ സ്വീകരണം ഏറ്റുവാങ്ങി രാത്രി 7ന് വെട്ടിയാർ പള്ളിയറകാവ് ദേവീ ക്ഷേത്രത്തിൽ എത്തി. ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകിയ ശേഷം കിഴിപണവും സ്വീകരിച്ച് വറപൊടിയും നൽകി. ക്ഷേത്രാങ്കണത്തിൽ മത്സര ചെണ്ടമേളവും ബാന്റുമേളവും നടന്നു. ഇവിടെ നിന്ന് തിരിച്ചു മാങ്കംകുഴിയിൽ എത്തി എസ്.എൻ.ഡി.പി യോഗവും കെ.പി.എം.എസ് ശാഖയും നൽകിയ സ്വീകരണവും ഏറ്റുവാങ്ങി 11ന് പള്ളിയിൽ എത്തിചേർന്നു. വെട്ടിയാർ എൻ.എസ്.എസ് കരയോഗം സായുക്ത സമിതി പ്രസിഡന്റ്‌ എൻ.ഗോപാലകൃഷ്ണ കുറുപ്പ്, സെക്രട്ടറി സുജിത്, ദേവസ്വം മാനേജർ എം.ജി.തുളസി ദാസ്, വി.വിജയൻ പിള്ള, ജമാഅത് പ്രസിഡന്റ്‌ ഷൗക്കത്ത് അലി, സെക്രട്ടറി മുഹമ്മദലി, സലാം, ഷാജഹാൻ, നൈസാം.എ, അൽസാം ഇബ്രാഹിം തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.