ആലപ്പുഴ : മീനച്ചൂട് കടുത്തതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി. ജലക്ഷാമം പരിഹരിക്കാൻ നഗരസഭയും എം.എൽ.എയും വിളിച്ചുചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാകാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രശ്നം രൂക്ഷമാകും. നഗരസഭയിലെ ചാത്തനാട്, തോണ്ടൻകുളങ്ങര, മന്നം, പള്ളാത്തുരുത്തി ,സനാതനപുരം വാർഡുകളിലാണ് കുടിവെള്ളം കിട്ടാക്കനിയായത്.

കുടിക്കാനും കുളിക്കാനും ആർ.ഒ പ്ളാന്റുകളിൽ നിന്നും വെള്ളം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ് ഇവിടങ്ങളിൽ. നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ യുവജന സംഘടന സമരം നടത്തുകയും കൗൺസിലംഗങ്ങൾ രാഷ്ട്രീയത്തിന് അതീതമായി പ്രശ്നം ഉന്നയിക്കുകയും ചെയ്തിട്ടുംആഴ്ചകൾക്ക് ശേഷവും ജലവിതരണം കാര്യക്ഷമമാക്കാൻ നടപടിയുണ്ടായിട്ടില്ല.

ആറുമാസമായെത്തുന്നത് മലിനജലം

1.ചാത്തനാട്, തോണ്ടൻ കുളങ്ങര, മന്നം വാർഡുകളിൽ കഴിഞ്ഞ സെപ്തംബർ മുതൽ മലിനജലമാണ് പൈപ്പുകളിലൂടെ എത്തുന്നത്.സ്വകാര്യ ആശുപത്രിയുടെ മാലിന്യം തോട്ടിൽ നിന്നും പൈപ്പ് ലൈനിൽ കലരുന്നതാണ് മലിന ജലപ്രവാഹത്തിന് കാരണം

2. പരാതിയിൽ പൈപ്പ് ലൈൻ പരിശോധിച്ച് പരിഹാരം കാണാമെന്ന് നഗരസഭാ ചെയർപെഴ്സണും എം.എൽ.എയ്ക്കുംവാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെങ്കിലും ഇതുരെ പരിശോധന നടന്നിട്ടില്ല

3.തോണ്ടൻകുളങ്ങരയിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പൊളിച്ചെങ്കിൽ മാത്രമേ പൈപ്പ് ലൈനിൽ മലിനജലം കലരുന്നതിന്റെ കാരണം വ്യക്തമാകൂ. ഇതിനുള്ള അനുമതി ലഭിച്ചില്ലെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്

4. വാട്ടർ അതോറിട്ടിയുടെ അപേക്ഷയിൽ റോ‌ഡ് തുരക്കാൻ അനുമതി നൽകിയെന്നാണ് പൊതുമരാമത്ത് അസി.എൻജിനീയർ പറയുന്നത്

5.ഇന്ദിരാ ജംഗ്ഷൻ മുതൽ കയർ മെഷിനറി വരെയുള്ള ഭാഗത്തെ ഇരുന്നൂറോളം കുടുംബങ്ങൾ പൈപ്പിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഉപയോഗിക്കാനാകാതെ ദുരിതത്തിലാണ്

ആറ്റുവെള്ളത്തിൽ ഉപ്പുരസം

നഗരത്തിലെ സനാതനപുരം, പള്ളാത്തുരുത്തി ഭാഗത്ത് രാവിലെ പത്തുമണികഴിഞ്ഞാൽ പൈപ്പിൽ വെള്ളം ലഭിക്കാറില്ല. ഹൗസ് ബോട്ടുകളുടെ സഞ്ചാരവും ഉപ്പുരസവും കാരണം ചുങ്കം മുതൽ കിഴക്കോട്ട് എസ്.എൻ പാലം വരെയുള്ള ഭാഗത്തെ തീരവാസികൾക്ക് ആറ്റുവെള്ളവും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. പാടമദ്ധ്യത്തിലൂടെയുള്ള പഴയ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിച്ചെങ്കിലേ ഇവിടുത്തെ പ്രശ്നത്തിന് പരിഹാരമാകുകയുള്ളൂ.

കുടിക്കാൻ തുള്ളിവെല്ലമില്ലാതെ ദുരിതത്തിലാണ് ജനം. മീറ്റിംഗുകൾ നടത്തിയിട്ട് കാര്യമില്ല. പരിഹാരമാണ് ആവശ്യം

-കെ.എസ്. ജയൻ , കൗൺസിലർ, ചാത്തനാട്