
മാന്നാർ: വെള്ളം കയറി തകർന്നു കിടന്ന, മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺവാർഡിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമീണ റോഡായ മാന്നാർ പരുമലക്കടവ്-മുല്ലശേരിൽകടവ് റോഡിലെ ദുരിത യാത്രയ്ക്ക് അറുതിയാവുന്നു. ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന പ്രധാന റോഡാണിത്. തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിലെ തിരക്കിൽ പ്പെടാതെ മാവേലിക്കര, ഹരിപ്പാട് ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്ന മിനി ബൈപാസ് റോഡായി ഉപയോഗിച്ച് വരുന്ന പരുമലക്കടവ്-മുല്ലശേരിൽകടവ് റോഡ് 2020 ൽ പുനർനിർമ്മാണം നടത്തിയെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ വെള്ളം കയറി തകർന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായി.
പരുമലക്കടവ്-മുല്ലശേരിൽകടവ് റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ പഞ്ചായത്ത് കമ്മിറ്റിയിൽ വാർഡ് മെമ്പ ഷൈന നവാസ് അപേക്ഷ വെച്ചതിനെത്തുടർന്ന് ഈ മാസം ആദ്യം എസ്റ്റിമേറ്റ് തയാറാക്കി പഞ്ചായത്ത് അസി.എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിൻപ്രകാരം കഴിഞ്ഞയാഴ്ച കൂടിയ പഞ്ചായത്ത് ജനറൽ കമ്മിറ്റിയിൽ ഏഴര ലക്ഷം രൂപ തനത് ഫണ്ടിൽ നിന്നും പാസാക്കിയതോടെയാണ് ദുരിതയാത്രക്ക് മോചനമാകുന്നത്. വെള്ളം കയറി തകരുന്ന ഭാഗം മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്താണ് പുനർ നിർമ്മാണം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരിയും വാർഡ് മെമ്പർ ഷൈന നവാസും തകർന്നു കിടക്കുന്ന റോഡ് സന്ദർശിച്ചു.