dstsr

മുഹമ്മ : എസ്.എൻ.ഡി.പി യോഗം 329-ാം നമ്പർ കലവൂർ ശാഖയുടെ കലവൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി മഹോത്സവം ഭക്തിസാന്ദ്രമായി. വളവനാട് ക്ഷേത്ര സന്നിധിയിൽ നിന്നു പുറപ്പെട്ട കാവടി ഘോഷയാത്രയിലും വേലുകുത്ത് വഴിപാടിലും നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കാളികളായി. കാവടിയും പൂക്കാവടിയും വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് കൃപാസനം പള്ളിയുടെയും കലവൂർ ജുമാ മസ്ജിദിന്റെയും നേതൃത്വത്തിൽ ശീതളപാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഘോഷയാത്ര ക്ഷേത്രത്തിനു ചുറ്റും വലം വച്ചശേഷം കാവടികൾ ക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ ഏറ്റുവാങ്ങി. ഉത്സവ പരിപാടികൾക്ക് ശാഖായോഗം പ്രസിഡന്റ് ആർ.സനുരാജ്, സെക്രട്ടറി ടി.സി.സുഭാഷ് ബാബു കുളങ്ങര, എഫ്.അനു വലിയ നിലത്ത് എന്നിവർ നേതൃത്വം നൽകി.