ചേർത്തല : ക്ഷേത്രചടങ്ങുകൾക്കിടെ മേൽശാന്തിയെ മർദ്ദിച്ച് രസീത് ബുക്കുകൾ നശിപ്പിച്ചതായി പരാതി.തിരുവിതാംകൂർ ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിൽപ്പെട്ട വയലാർ കുമരംകോട് ഗണപതിക്കൽ ക്ഷേത്രത്തിലെ മേൽശാന്തി പി.എസ്.സുനിൽകുമാറിനു നേരേയാണ് അക്രമമുണ്ടായത്.സമൂഹ മാദ്ധ്യമങ്ങളിലിടാൻ വഴിപാട് രസീത് തിരുത്തി നൽകിയില്ലെന്ന കാരണത്താലാണ് മർദ്ദനമെന്നാണ് വിവരം.
വഴിപാട് രസീതിലെ പേരുതിരുത്താൻ സാധിക്കില്ലെന്നറിയിച്ചപ്പോൾ രസീതുകീറി നശിപ്പിക്കുകയും ഉപകരണങ്ങൾ തട്ടിമറിക്കുകയും അസഭ്യപറഞ്ഞ് അക്രമിക്കുകയും ചെയ്തെന്നാണ് പരാതി നൽകിയിരിക്കുന്നത്.
മർദ്ദനത്തെ തുടർന്ന് പൂജകൾ മുടങ്ങിയ സാഹചര്യത്തിൽ ദേവസ്വംബോർഡ് ഇടപ്പെട്ട് മറ്റൊരു ക്ഷേത്രത്തിലെ ശാന്തിയെ ചുമതലപ്പെടുത്തിയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ചേർത്തല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. പ്രദേശവാസിയായ സംഘടനാ പ്രവർത്തകനാണ് അക്രമത്തിനു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.