ആലപ്പുഴ: സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് യന്ത്രങ്ങൾ സ്ഥാപിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. പഞ്ചിംഗ് യന്ത്രങ്ങൾ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്ന് കളക്ടർ ജോൺ വി. സാമുവൽ നിർദ്ദേശിച്ചു. സർക്കാർ ഓഫീസുകളുടെ ഫയലിംഗ് സിസ്റ്റം ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും ഇ-ഓഫീസിലേക്ക് മാറണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പൊതുജനങ്ങളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നതും അവർക്ക് മറുപടി നൽകുന്നതുമുൾപ്പെടെ എല്ലാ കത്തിടപാടുകളും കടലാസ് രഹിതമായിരക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. നവകേരള സദസിൽ ലഭ്യമായ പരാതികളിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ രണ്ടുദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു. ലോക്സഭ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി പദ്ധതി നിർവ്വഹണം കാര്യക്ഷമമാക്കി സാമ്പത്തിക വർഷത്തിനുള്ളിൽ 100 ശതമാനം നിർവഹണ പുരോഗതി കൈവരിക്കാൻ ജില്ലാതല ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജില്ലയിലെ നിർമ്മാണ പ്രവൃത്തികളിലെ കാലതാമസത്തിന് കോൺട്രാക്ടർമാരുടെ നിസഹകരണം കാരണമാകുന്നുവെന്ന് വികസന സമിതിയിൽ പങ്കെടുത്ത നിർവഹണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
കായംകുളം മണ്ഡലത്തിൽ ദേശീയപാതയിലൂടെ യാത്ര അതീവ ദുഷ്‌കരമാണെന്നും എത്രയും വേഗം കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നുമുള്ള യു. പ്രതിഭ എം.എൽ.എയുടെ ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധി ഉറപ്പുനൽകി.
കൈനകരി മീനപ്പള്ളി കായലിലെ ടെർമിനലും അനുബന്ധ സംവിധാനങ്ങളും സാമൂഹ്യ വിരുദ്ധരുടെയും ലഹരി വിൽപ്പനക്കാരുടെയും കേന്ദ്രമായി മാറുന്ന സാഹചര്യത്തിൽ പ്രദേശം കൈനകരി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് വിനോദസഞ്ചാര മേഖലയാക്കി മാറ്റാനുള്ള നടപടികൾ വേണമെന്ന് തോമസ് കെ.തോമസ് എം.എൽ.എ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.