ചേർത്തല: ക്ഷേത്രാത്സവം അലങ്കോലപ്പെടുത്താൻ പൊലീസ് ഡ്രൈവറുടെ നേതൃത്വത്തിൽ ശ്രമമെന്ന് പരാതി. പ്രസിദ്ധമായ തുറവൂർ നാലുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്കിടെ കുത്തിയത്തോട് പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.ഡി.ലക്കി കേരള ലെജിസ്ലേറ്റീവ് അസംബ്ലി പെറ്റീഷൻകമ്മിറ്റി ചെയർമാന് പരാതി നൽകിയത്. പരാതിയിൽ പറയുന്നത് : ലക്കിയുടെ വകയായി കഴിഞ്ഞ 25ന് ക്ഷേത്രത്തിൽ ഉത്സവ ആഘോഷങ്ങൾ നടക്കുന്നുതിനിടെ രാത്രി 9.30 ഓടെ ഇവിടെ എത്തിയ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്രീജിത്തും ഒപ്പമുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ജാക്സൺ,ഹെഡ്കോൺസ്റ്റബിൾ ശിവരാമൻ എന്നിവർ പരിപാടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും മൊബൈലിൽ പരിപാടി കാണാനെത്തിയവരുടെ ചിത്രങ്ങൾ പകർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സമയം 9.30 ആയിട്ടുള്ളുയെന്നും 10 വരെ മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ടെന്നും സംഘാടകർ പറഞ്ഞെങ്കിലും ചെവികൊള്ളാൻ തയ്യാറായില്ല. ഭീഷണി തുടർന്നതോടെ പരിപാടി നിർത്തിവയ്ക്കേണ്ടി വന്നെന്നും അധികാരപരിധി വിട്ട് പ്രവർത്തിച്ച ഡ്രൈവർ ശ്രീജിത്തിനെതിരേയും ഇയാൾക്ക് ഒത്താശ ചെയ്ത മറ്റ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഐ.ജിക്കും പരാതി നൽകിയെന്നും ലക്കി പറഞ്ഞു. ഹൈക്കോടതിയിലും ഹർജിയും നൽകും.