# നഗരം ഒരുദിവസം കുടിക്കുന്നത് 3.5 കോടി ലിറ്റർ വെള്ളം

ആലപ്പുഴ: വെന്തുരുകുന്ന കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ കുടിക്കാനും കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായി ആലപ്പുഴ നഗരം ഒരു ദിവസം ഉപയോഗിക്കുന്നത് 70 ലക്ഷം ലിറ്റർ അധിക ജലം. സെപ്തംബർ അവസാനം വരെ ശരാശരി 2.80 കോടി ലിറ്ററായിരുന്ന പ്രതിദിന ഉപഭോഗമാണ് മൂന്നുമാസംകൊണ്ട്

3.5 കോടിയിൽ എത്തിനിൽക്കുന്നത്. വേനൽക്കാലം വരാനിരിക്കെ വെള്ളത്തിന്റെ ഉപഭോഗം പതിൻമടങ്ങാകുമെന്നകാര്യത്തിൽ സംശയവും വേണ്ട.

ജില്ലാഅതിർത്തിയായ മാന്നാറിലെ കടപ്രയിൽ പമ്പയാറിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കരുമാടിയിലെ ട്രീറ്റ് മെന്റ് പ്ളാന്റിലെത്തിച്ച് അണുവിമുക്തമാക്കി നഗരത്തിലെ അരഡസനിലധികം ഓവർ ഹെഡ് ടാങ്കുകളിൽ സംഭരിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.

കൊടും വേനലിലും കരുമാടിയിലെ വെള്ളത്തിന്റെ അളവിൽ കുറവുണ്ടായിട്ടില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വർദ്ധിച്ചുവരുന്ന താപനില ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കുഴൽക്കിണറുകളിൽ

ഓരും ദുർഗന്ധവും

കടലും കായലും കനാലുകളും ചുറ്റപ്പെട്ട ആലപ്പുഴ നഗരത്തിന്റെ പ്രധാന പോരായ്മകളിലൊന്ന് ശുദ്ധജല ദൗർലഭ്യമാണ്. പൈപ്പ് വെള്ളത്തെയും കുഴൽ കിണറിനെയുമാണ് ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. നഗരത്തിലും പുറത്തുമായി ഏതാണ്ട് ഡസനിലേറെ കുഴൽകിണറുകളുണ്ടെങ്കിലും ഇപ്പോൾ ഉപയോഗത്തിലുള്ളത് വിരലിലെണ്ണാവുന്നത് മാത്രം. വെള്ളത്തിലെ ഓരും ദുർഗന്ധവും കാരണം മിക്ക കുഴൽക്കിണറുകളും ഉപയോഗശൂന്യമാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളാണ് നഗരത്തിന് ദാഹമകറ്റാനുള്ള പ്രധാനമാർഗം.

ജലവിതരണപൈപ്പിൽ

പൊട്ടലും ചീറ്റലും

പഴക്കമേറിയ പൈപ്പുകളാണ് നഗരത്തിലെ ജലവിതരണശൃംഖലയിലുള്ളത്. തുടർ‌ച്ചയായ പമ്പിംഗ് കാരണമുള്ള സമ്മർദ്ദവും കടുത്ത ചൂടും കാരണം പൈപ്പുകൾ പലതും പൊട്ടുകയും ലീക്കാകുകയും ചെയ്യുന്നതിനാൽ വിതരണം ചെയ്യുന്ന ജലത്തിൽ നല്ലൊരു ശതമാനം പാഴാകുകയാണ്. നഗരത്തിലും പുറത്തുമായി ചെറുതും വലതുമായ ഒരു ഡസനോളം പൈപ്പ് പൊട്ടലുകൾക്കാണ് പരിഹാരം കാണാനുള്ളത്. കഴിഞ്ഞദിവസം കളർകോട് റിലയൻസ് മാളിന് പടിഞ്ഞാറ് സിമന്റ് ഗോഡൗൺ റോഡിലെ പൈപ്പ് പൊട്ടിയത് 24 മണിക്കൂർ കഴിഞ്ഞിട്ടും പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

1.തുട‌ർച്ചയായുണ്ടാകുന്ന പൈപ്പ് പൊട്ടൽ ശുദ്ധജലം പാഴാകുന്നതിനൊപ്പം വെള്ളമെത്തുന്നതിനും തടസമാകുന്നുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പ്രധാന പൈപ്പുകൾ ഉൾപ്പെടെ മാസങ്ങളായി പൊട്ടലും ലീക്കേജും നേരിടുകയാണ്

2. ആലപ്പുഴ- ചങ്ങനാശേരി റോഡ്, തിരുവമ്പാടി- ഇ.എസ്.ഐ ആശുപത്രി റോഡ്, ജനറൽ - ആശുപത്രി -കടപ്പുറം റോഡ് എന്നിവിടങ്ങളിലെല്ലാം പൈപ്പുകൾപൊട്ടി വെള്ളം പാഴാകുന്ന സ്ഥിതിയുണ്ട്

3.ജലക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളിലും ജലമോഷണവും വ്യാപകമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റുമായി ജലം മോഷ്ടിക്കുന്ന വിരുതൻമാരുമുണ്ട്. ജലം പാഴാക്കുന്നവരെയും മോഷ്ടാക്കളെയും കണ്ടെത്താൻ വാട്ടർ അതോറിട്ടിയുടെ സ്ക്വാഡ് ഉടനിറങ്ങും

..................................

ഓവർ ഹെഡ്

ടാങ്കുകൾ

ആലിശേരി

വഴിച്ചേരി

കൊമ്മാടി

ചത്തനാട്

പഴവങ്ങാടി

ചുടുകാട്

ചന്ദനക്കാവ്

വടികാട്

..................................

ആർ.ഒ പ്ളാന്റുകൾ: 634

..................................

ആകെ വീടുകൾ: 5,46,547

ജലജീവൻ പദ്ധതിയിൽ : 3,51,094

കണക്ഷൻ നൽകിയത്: 1,60,354

കൊടുത്തുതീർക്കേണ്ടത്: 1,90,740

......................................

പഴയ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന ജലത്തിന്റെ 40 ശതമാനത്തോളം വെള്ളം പലകാരണങ്ങളാൽ നഷ്ടപ്പെടുന്നുണ്ട്. അത് 20 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. ശരാശരി 30 ശതമാനമാക്കി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. പൈപ്പ് പൊട്ടൽ സംബന്ധിച്ച പരാതികൾ ധൃതഗതിയിൽ പരിഹരിച്ചുവരികയാണ്. ജലം പാഴാക്കുന്നത് തടയാൻ ബോധവത്ക്കരണത്തിനൊപ്പം കർശന നിയമ നടപടികളും കൈക്കൊള്ളും

- എക്സിക്യുട്ടീവ് എൻജിനിയർ,

വാട്ടർ അതോറിട്ടി, ആലപ്പുഴ