
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ ആലിശ്ശേരി വാർഡ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് 'മാലിന്യ മുക്ത ആലിശേരി' എന്ന ലക്ഷ്യത്തോടെ. വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർമാനുമായ പി.എസ്.എം.ഹുസൈന്റെ നേതൃത്വത്തിലാണ് വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ചുക്കൊണ്ട് റിപ്പബ്ലിക്ക് ദിനം വ്യത്യസ്തമാക്കാൻ തീരുമാനിച്ചത്. 541 വീടുകളിലെ ഉപയോഗ ശൂന്യമായ ബാഗ്,കുട, ചെരുപ്പ്, തുണി, കുപ്പിച്ചില്ല് ഉൾപ്പെടെ നശിപ്പിക്കാൻ കഴിയാതെ സൂക്ഷിച്ചിരുന്നവ ഏറ്റെടുത്തു. നഗരസഭയുടെ അഴകോടെ ആലപ്പുഴ ശുചിത്വ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഏഴ് മാസം മുമ്പാണ് മാലിന്യം ശേഖരണം നടത്തിയത്. എന്നിട്ടും പ്രതീക്ഷിച്ചതിലധികം മാലിന്യങ്ങളാണ് ഒറ്റ ദിവസംക്കൊണ്ട് സംഭരിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ച് ശാസ്ത്രീയ സംസ്‌കരണം ഉറപ്പ് വരുത്തും. ജൈവ മാലിന്യ സംസ്‌കരണത്തിന് വാർഡിലെ 371 വീടുകളിൽ ബയോ ബിന്നുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 172 വീടുകൾ എയറോബിക് സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്.
.......
ശുചീകരണത്തിൽ പങ്കാളിയായത് : 541 കുടുംബങ്ങൾ
........
''തെരുവിലേക്കും കനാലിലേക്കും വലിച്ചെറിയാതെ പരിമിത സൗകര്യങ്ങൾക്കിടയിലും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ബോധ്യത്തിൽ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുന്നതിലേക്ക് എത്തിച്ചു തന്ന ആലിശേരിക്കാരോട് നന്ദി പറയുന്നു. ഒറ്റപ്പെട്ടവരുടെ പക്വതയില്ലാത്ത പെരുമാറ്റം കൂടി ഒഴിവാക്കിയാൽ ആലിശേരി സമ്പൂർണ മാലിന്യ മുക്ത വാർഡാകും.
പി.എസ്.എം.ഹുസൈൻ, വാർഡ് കൗൺസിലർ