ആലപ്പുഴ: പ്രസവനിറുത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ നിയമ നടപടികൾ ശക്തമാക്കാനൊരുങ്ങി കുടുംബം. ഇതിന്റെ ഭാഗമായി,​ സംസ്ഥാനത്തെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഇരകൾക്ക് നീതിനേടിക്കൊടുത്ത അഭിഭാഷകരുമായി കുടുംബം ചർച്ച തുടങ്ങി. വിസ്മയ, ഉത്ര കേസുകളിൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ജി.മോഹൻരാജുമായി കൂടിക്കാഴ്ച്ച നടത്തി. അഡ്വ.ആളൂരടക്കം വിവിധ അഭിഭാഷകരുമായി അടുത്ത ദിവസം കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്. ഈ മാസം 20നാണ് പഴവീട് സ്വദേശി ആശാശരത്ത് (31) കടപ്പുറം വനിതാ - ശിശു ആശുപത്രിയിൽ നടത്തിയ ലാപ്രോസ്കോപിക് ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച സമയത്തെ കേസ് ഷീറ്റിലടക്കം അട്ടിമറി നടത്താൻ ആശുപത്രി സൂപ്രണ്ടിന്റെയും, ജില്ലാ മെഡിക്കൽ ഓഫീസറുടെയും ഒത്തുകളി നടക്കുന്നതായി സംശയിക്കുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കേസ് ഷീറ്റിൽ അധിക വിവരങ്ങൾ എഴുതിചേർത്തേക്കും. 'ദൃശ്യം' സിനിമാമാതൃകയിൽ ആശുപത്രി സ്റ്റാഫിനെയടക്കം എങ്ങനെ മൊഴി നൽകണമെന്ന് പഠിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അമ്പലപ്പുഴ പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥ തുടരുകയാണ്. കേസിന്റെ നടപടിക്രമങ്ങൾ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റണം. ശസ്ത്രക്രിയക്കിടയിലുണ്ടായ സങ്കീർണതകളാണ് ആശയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഫോറൻസിക്ക് സർജനെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവും കുടുംബം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.