adarav

മാന്നാർ: ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ ജൻഡർ റി‌സോഴ്സ് സെന്ററും പതിനാറാംവാർഡ് എ.ഡി.എസും സംയുക്തമായി, 'കാർന്നു തിന്നും മുമ്പേ കണ്ണിയറുക്കണം' എന്ന വിഷയത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. ജി.ആർ.സി ബോധവത്കരണ ക്ലാസ്‌ മാന്നാർ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് എക്സൈസ് ഇൻസ്‌പെക്ടർ വി.അരുൺ കുമാർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. മാന്നാർ ഗ്രാമപഞ്ചായത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് അരുൺകുമാറിനെ കുടുംബശ്രീ ജൻഡർ റിസോഴ്‌സ് സെന്റർ ആദരിച്ചു. യോഗത്തിൽ സ്നേഹിതാ ക്യാമ്പയിൻ, സിഗ്നേച്ചർ ക്യാമ്പയിൻ, പ്രതിജ്ഞ എന്നിവ നടത്തി. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ വിശദീകരണം നടത്തി. എ.ഡി.എസ് അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സി.ഡി.എസ് മെമ്പർ ജഗദമ്മ സ്വാഗതവും എ.ഡി.എസ് അംഗം പുഷ്പ നന്ദിയും പറഞ്ഞു.