ma

മുഹമ്മ: കൂട്ടുകാർക്ക് പെൻസിൽ കൊണ്ട് പ്രൊഫൈൽചിത്രം. വീട്ടുകാർക്ക് ചുവരിൽ തൂക്കാൻ വർണചിത്രം. ആവശ്യക്കാർക്ക് കമനീയമായ ബാനറുകളും ബോർഡുകളും. ഈ ശൈലിയാണ് പി.ഡി.മഹേഷിനെ സർവോദയപുരത്തിന്റെ സ്വന്തം ചിത്രകാരനാക്കിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സർവോദയപുരം ഹെൽത്ത് സെന്ററിന് സമീപത്തെ പാട്ടപ്പറമ്പിലെ വീട്ടുമുറ്റമാണ് മഹേഷിന്റെ പണിശാല. ഇടവേളകളിൽ പെയിന്റിംഗ് പണിക്ക് പോകും.

20വർഷമായി മഹേഷ് ചിത്രരചനാരംഗത്തുണ്ട്. നെയ്ത്താളി, കാരയ്ക്കൽ ക്ഷേത്രങ്ങളിൽ

പുരാണകഥകളുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങൾ നാടിന്റെ ശ്രദ്ധനേടിയിരുന്നു.

നൃത്തം ചെയ്യുന്ന ഗണപതിയുടെ ചിത്രം ഉത്സവവുമായി ബന്ധപ്പെട്ട് കാരയ്ക്കൽ

ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. ചാത്തനാട്, ജനക്ഷേമം തുടങ്ങിയ പള്ളികളിലും മഹേഷിന്റെ വർണ്ണകൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

ക്ളാസ് മുറികളിലെ ആനയും മയിലും ഒട്ടകവും മുതൽ ഹോട്ടലുകളിലെ പ്രകൃതി ദൃശ്യങ്ങൾ വരെ ഉൾപ്പെടുന്നതാണ് സർവോദയപുരം ഗ്രാമത്തിലെ മഹേഷിന്റെ വർണലോകം. ഭാര്യ സീജയും മക്കളായ ദിയയും മിയയുമെല്ലാം അദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങൾക്ക് തുണയായി ഒപ്പമുണ്ട്.