മാന്നാർ: മാന്നാർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി കുടുംബസംഗമം നാളെ ഉച്ചയ്ക്ക് 2ന് സ്റ്റോർജംഗ്ഷന് വടക്കുള്ള വ്യാപാര ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. 'വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങൾ', 'നിലവിലെ സാഹചര്യങ്ങളിൽ എങ്ങനെ വ്യാപാരം മെച്ചപ്പെടുത്താം' തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാപ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, ആലപ്പുഴ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സബിൽ രാജ്, ജില്ലാട്രഷറർ ജേക്കബ് ജോൺ എന്നിവർ വ്യാപാരികൾക്ക് ക്ലാസ് എടുക്കും. തുടർന്ന് മാന്നാറിൽ നടന്ന മോഷണക്കേസിൽ അന്തർ സംസ്ഥാന മോഷണ സംഘത്തെ അതിസാഹസികമായി പിടികൂടിയ മാന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരെയും, ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ അച്ഛനമ്മമാരെയും ഡയറക്ടർ മുഹമ്മദ് ഷമീറിനെയും ചടങ്ങിൽ ആദരിക്കുന്നതോടൊപ്പം മാന്നാർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണവും നടക്കും. അസോസിയേഷൻ രക്ഷാധികാരികളായ മാന്നാർ അബ്ദുൾ ലത്തീഫ്, ആർ.വെങ്കിടാചലം, ഗണപതി ആചാരി എന്നിവർ സംസാരിക്കും. സംഗമത്തിൽ പങ്കെടുക്കുന്ന വ്യാപാരികളെ പങ്കെടുപ്പിച്ച് നടത്തുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് 15000, 10000, 5000 എന്നീ തുകകൾ സമ്മാനങ്ങളായി നൽകുമെന്ന് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്.അമ്പിളി, ജനറൽ സെക്രട്ടറി റഷീദ് പടിപ്പുരക്കൽ, ട്രഷറർ ജമാൽ.എം, പ്രോഗ്രാം കൺവീനർ സജി കുട്ടപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.