ചാരുംമൂട് : മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശാർങ്ങകാവ് പാലം പണി വിഷുവിന് മുമ്പ് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി പ്രവർത്തകർ ശാർങ്ങകാവ് പാലത്തിൽ നിന്ന് ചാടി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ.അനുപ് പറഞ്ഞു. ബി.ജെ.പി വെണ്മണി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത്ത് ഡി.നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ വെണ്മണി - നൂറനാട് പഞ്ചായത്തുകളുടെ സംയുക്ത കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലം പണിയുടെ 90 ശതമാനം പൂർത്തീകരിച്ചിട്ടും അപ്രോച്ച് റോഡ് പൂർത്തികരിക്കാൻ സാധിക്കാത്തത് അധികൃതരുടെ അനാസ്ഥ മൂലമാണ്. അപ്രോച്ച് റോഡിനായുള്ള വസ്തു വാങ്ങാൻ രണ്ടേ മുക്കാൽ കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ 70 സെന്റ് വസ്തുവിന് നാലര കോടി രൂപ വേണമെന്ന ലാൻഡ് അക്വസിഷൻ ഡിപ്പാർട്ട്മെന്റിന്റെ കണക്ക് റിയൽ എസ്റ്റേറ്റ് ലോബികളെ സഹായിക്കാനാണെന്നും ബി.ജെ.പി ആരോപിച്ചു. യോഗത്തിൽ മാവേലിക്കര മണ്ഡലം സെക്രട്ടറി അശോക് ബാബു, നൂറനാട് ഏരിയാ പ്രസിഡന്റ് മനു തുരുത്തിയിൽ, വെണ്മണി ഏരിയ ജനറൽ സെക്രട്ടറി ആനന്ദൻ ,ജയചന്ദ്രൻ, ഹരികൃഷ്ണൻ, സരസ്വതി, മനു ശ്രീകുമാർ എന്നിവർ സംസാരിച്ചു.