
കായംകുളം : ഒരുവർഷമായി തകർന്നു കിടക്കുന്ന കായംകുളം - കാർത്തികപ്പള്ളി റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ തലകുത്തി നിന്ന് പ്രതിഷേധിച്ചു. തല തിരിഞ്ഞ ഭരണസംവിധാനത്തിനെതിരെ തലകുത്തി നിന്ന് പ്രതിഷേധിക്കുന്നുവെന്ന ബാനറുമായി ഉണ്ണി നാഗമഠമാണ് ഇന്നലെ രാവിലെ മുഴങ്ങോടിക്കാവ് ക്ഷേത്രത്തിന് സമീപം തലകുത്തി നിന്ന് പ്രതിഷേധിച്ചത്.
വാഹനയാത്ര ചെയ്യാൻ കഴിയാത്ത വിധം റോഡ് തകർന്നിട്ടും ജനപ്രതിനിധികൾക്ക് കുലുക്കമില്ലെന്നാണ് പരാതി. പലരും സമരവുമായി രംഗത്തിറങ്ങിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വേറിട്ട സമരവുമായി ഉണ്ണി ഇറങ്ങി പുറപ്പെട്ടത്.
റോഡിന്റെ ദുരവസ്ഥയിൽ സഹികെട്ട നാട്ടുകാർ പലതവണ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. കുഴിയിൽ വീണ് അപകടമുണ്ടാകുന്ന യാത്രക്കാരോട് ന്യായീകരണങ്ങൾ നിരത്തി കൈയൊഴിയുകയാണ് അധികൃതർ. റോഡിന്റെ നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ പിൻമാറിയതാണ് നിർമ്മാണം ഇഴയുന്നതിന് കാരണമായി അധികൃതർ പറയുന്നത്.
തിരക്കേറിയ റോഡ്
1.കായംകുളത്തിന് പടിഞ്ഞാറോട്ടുള്ള ഏറെ തിരക്കേറിയ റോഡാണിത്. കൊച്ചിയുടെ ജെട്ടി പാലവും, അഴീക്കൽ പാലവും വന്നതോടെ തീരദേശ പ്രദേശങ്ങളിലുള്ളവർക്ക് കായംകുളത്തേക്ക് വരുവാനുള്ള പ്രധാന മാർഗവുമാണ് ഈ റോഡ്
2.കായംകുളത്തിന് പടിഞ്ഞാറുള്ള തീരദേശ പഞ്ചായത്തുകളായ കണ്ടല്ലൂർ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, മുതുകുളം എന്നിവിടങ്ങളിലെ പതിനായിരക്കണക്കിന് യാത്രക്കാരാണ് നിത്യവും ഇതു വഴി സഞ്ചരിക്കുന്നത്
3.കോളേജ് ജംഗ്ഷൻ മുതൽ പുല്ലുകുളങ്ങര വരെ റോഡ് പൂർണ തകർച്ചയിലാണ്. കോളേജ് ജംഗ്ഷൻ, കരുവിൽ പീടിക, ഐക്യജംഗ്ഷൻ, ഞാവക്കാട്, പുളിമുക്ക്, മുഴങ്ങോടിക്കാവ് എന്നിവിടങ്ങളിൽ വലിയ കുഴികൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് അപകടങ്ങൾ കൂടുതലായി അപകടമുണ്ടാകുന്നത്