കായംകുളം: കായംകുളത്ത് ദേശീയപാതയിൽ ഉയരപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ജനകീയ പ്രക്ഷോഭം. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30 ന് കൊറ്റുകുളങ്ങരയിൽ നിന്ന് കായംകുളത്തേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കോളേജ് ജംഗ്ഷനിൽ ഏറ്റവും ചെറിയ അടിപ്പാത നിർമ്മിക്കാമെന്ന ദേശീയപാതാ അതോറിട്ടിയുടെ നിർദ്ദേശത്തിൽ യോഗം വിയോജിപ്പ് രേഖപ്പെടുത്തി.ഫെബ്രുവരി മൂന്നിന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ ഉയരപ്പാത എന്ന ആവശ്യത്തിന് പരിഹാരമായില്ലെങ്കിൽ എല്ലാ രാഷ്ട്രീയ മത സാമുദായിക സാംസ്കാരിക സംഘടനകളുടെയും പങ്കാളിത്തതോടെ തുടർ സമരശ്യംഖല തീർക്കുവാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.സമരസമിതി ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത് അദ്ധ്യക്ഷത വഹിച്ചു.