ambala

അമ്പലപ്പുഴ : അപകടത്തിൽ ഗുരുതരപരിക്കേറ്റ ഭർത്താവ് ആശുപത്രി വിടും മുമ്പേ മറ്റൊരപകടത്തിൽ മകന്റെ ജീവനും നഷ്ടമായതോടെ തളർന്നുപോയ ഷീലമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. പുന്നപ്ര തെക്ക് പഞ്ചായത്ത് പുതുവൽ വീട്ടിൽ വീട്ടിൽ ബിജു മുരളീധരന്റെയും ഷീലമ്മയുടെയും മകനായ അഖിൽ കുമാർ (26) ഇന്നലെ പത്തനംതിട്ടയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. അഖിൽ ഓടിച്ചിരുന്ന ഗാനമേള ട്രൂപ്പിന്റെ ദോസ്ത് വാഹനം പച്ചക്കറി കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അഖിലിന്റെ പിതാവ് ബിജു മുരളീധരൻ ജനുവരി 1നുണ്ടായ അപകടത്തിൽപ്പെട്ട് ഗുരുതരപരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ട് മൂന്ന് ദിവസമേയായുള്ളൂ. 10ലക്ഷത്തോളം രൂപയാണ് ബിജുവിന്റെ ചികിത്സക്കായി ചെലവായത്. നിർദ്ധന കുടുംബത്തെ സഹായിക്കാൻ നാട്ടുകാരും സുമനസുകളും ചേർന്ന് കുറച്ചു പണം സ്വരൂപിച്ച് നൽകിയിരുന്നു. ഇനിയും മൂന്നര ലക്ഷം രൂപ കൂടി അടച്ചാലേ മകന്റെ മൃതശരീരം കാണാനായി ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊണ്ടുവരാൻ കഴ്രയുകയുള്ളൂ. സ്വന്തമായി ഒരു സെന്റ് സ്ഥലം പോലുമില്ലാത്ത കുടുംബം പുന്നപ്രയിൽ വാടകവീട്ടിലാണ് താമസം. തിരുമല ഭാഗത്ത് ഗുരുമന്ദിരത്തിലെ ശാന്തിയായിരുന്ന ബിജു സ്കൂട്ടറിൽ ജോലിക്കായി പോകവേ വാഹനം തെന്നി മറിഞ്ഞാണ് ഗുരുതരാവസ്ഥയിലായത്. ഈ മുറിവ് ഉണങ്ങും മുമ്പാണ് കുടുംബത്തെ തേടി ദുരന്തം വീണ്ടും എത്തിയത്. ധന്യയാണ് അഖിലിന്റെ ഭാര്യ. മൂന്നര വയസുകാരൻ അദ്വൈഖ് ഏകമകനും. അരുണും ആതിരയുമാണ് അഖിലിന്റെ സഹോദരങ്ങൾ.

ബിജു ചികിത്സയിലായതോടെ കുടുംബത്തിന്റെ ഏകവരുമാനം അഖിലിന്റേതായിരുന്നു. ബിജുവിന്റെ ചികിത്സക്കായി ലക്ഷങ്ങളുടെ കടബാദ്ധ്യതയിൽ നിൽക്കവേയുണ്ടായ അഖിലിന്റെ മരണത്തെത്തുടർന്ന് വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബം. ഇന്നലെ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഇന്ന് വണ്ടാനത്തെ ബന്ധുവീട്ടിൽ സംസ്കരിക്കും.