ആലപ്പുഴ : വീട്ടുവളപ്പിൽ കുടിവെള്ളത്തിനായി കുത്തിയ കുഴിയിൽ നിന്ന് പ്രകൃതി വാതകം പ്രവഹിക്കുന്നത് തടയാൻ ഫിൽറ്റർ വാൽവ് കറുത്ത ചെളി ഉപയോഗിച്ച് സീൽ ചെയ്യാൻ ഭൂഗർഭ ജലവകുപ്പ് നിർദ്ദേശം നൽകി. ആലപ്പുഴ നഗരസഭാ പരിധിയിൽ തോണ്ടൻകുളങ്ങര പുന്നയ്ക്കൽ വീട്ടിൽ വിക്ടർ, ഇന്ദിരാ ജംഗ്ഷന് സമീപം നിർമ്മിക്കുന്ന വീട്ടിലാണ് വെള്ളിയാഴ്ച വൈകുന്നേരം 17 മീറ്റർ ആഴത്തിൽ കുഴൽക്കിണറിന് കുത്തിയ കുഴിയിൽ നിന്ന് പ്രകൃതി വാതകം ശക്തിയായി പ്രവഹിച്ചത്. ഭൂമിയിൽ സ്വഭാവികമായുള്ള ചെളിയുടെ പാളിയിലുണ്ടായ ചോർച്ച മൂലം വാതകം പുറത്ത് വന്നുവെന്നാണ് ഭൂഗർഭജല വകുപ്പിന്റെ അനുമാനം. തുടർച്ചയായി വാതകം പുറത്ത് വരുന്നതിൽ അപകടസാധ്യതയുള്ളതിനാലാണ് വാൽവ് സീൽ ചെയ്യാൻ ഭൂഗർഭജല വകുപ്പ് ജൂനിയർ ഹൈട്രോളജിസ്റ്റ് അരുൺലാൽ നിർദ്ദേശം നൽകിയത്. പരിശോധനയ്ക്ക് വേണ്ടി ഇന്നലെ വാൽവ് തുറന്ന സമയം വാതകം ശക്തിയായി പുറത്തേക്ക് വന്നിരുന്നു. പത്ത് മിനിട്ടോടെ വാതകത്തിന്റെ മർദ്ദം കുറഞ്ഞു. സംഭവദിവസം തന്നെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചിരുന്നു. വിഷയത്തിൽ വിശദമായ പഠനം നടത്തേണ്ടത് ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷനാണ്. ആദ്യത്തെ കുഴിയിൽ നിന്ന് വാതകം വന്നതിനെ തുടർന്ന് രണ്ടാമത് 12 മീറ്റർ ആഴത്തിൽ കുഴിച്ച കുഴിയിൽ നിന്ന് കുടുംബത്തിന് നല്ല വെള്ളം ലഭിക്കുന്നുണ്ട്. പുതിയ വീട്ടിൽ തിങ്കളാഴ്ച്ച മുതൽ താമസമാരംഭിക്കാനാണ് വിക്ടറിന്റെയും കുടുംബത്തിന്റെയും തീരുമാനം.