
ആലപ്പുഴ : പ്രസവനിറുത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കടപ്പുറം വനിതാശിശു ആശുപത്രിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. കാരണം, പഴവീട് സ്വദേശിനി ആശാശരത്തിന്റെ മരണം നാടിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ പോലും ആശുപത്രി അധികൃതർ തയാറാകാത്തതിലും ജനം രോഷാകുലരാണ്. ഗൈനക്കോളജി, പീഡിയാട്രിക്ക്, ജനറൽ മെഡിസിൻ വിഭാഗങ്ങളുള്ള ആശുപത്രിയിൽ ഒരുവർഷത്തിലേറെയായി ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
അതേസമയം,കടുത്തവിമർശനങ്ങളും സൈബർ ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് മാനസിക പിന്തുണയേകുന്നതിന് കൗൺസലിംഗ് ഏർപ്പെടുത്തണമോയെന്ന ആലോചനയിലാണ് അധികൃതർ. ഇക്കാര്യങ്ങളെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി കേരളകൗമുദിയോട് സംസാരിക്കുന്നു.
ആഭ്യന്തര
അന്വേഷണം ?
യുവതിയുടെ മരണത്തിന് തൊട്ടുപിന്നാലെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണം ആരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെ ആഭ്യന്തരമായ അന്വേഷണത്തിന് പ്രസക്തിയില്ല.
ലാപ്രോസ്കോപി
അപകടകാരിയോ ?
പരമാവധി 15 മിനിട്ടിൽ അവസാനിക്കുന്ന ലാപ്രോസ്കോപി ശസ്ത്രക്രിയ മരണത്തിൽ കലാശിക്കുന്നത് ആശുപത്രിയിൽ ആദ്യ സംഭവമാണ്. സെപ്റ്റംബറിൽ സമാനമായ സംഭവമുണ്ടായിരുന്നെങ്കിലും രോഗിക്ക് ഹൃദയസംബന്ധമായ പ്രശ്നമുണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. ആശയുടെ കാര്യത്തിൽ അത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. മാസം ഇരുന്നൂറോളം പ്രസവങ്ങൾ നടക്കുന്നുണ്ട്. ഒരു ദിവസം പരമാവധി പത്ത് പേരെ ലാപ്രോസ്കോപി നടത്താനും സൗകര്യമുണ്ട്.
എന്നാൽ, ഓരോ ശസ്ത്രക്രിയയ്ക്കും അതിന്റേതായ അപകടസാദ്ധ്യതയുണ്ട്. എല്ലാ ഡോക്ടർമാരും ലാപ്രോസ്കോപി ചെയ്യില്ല. പ്രവൃത്തി പരിചയവും ലാപ്രോസ്കോപിയിൽ അംഗീകാരവുമുള്ള ഡോക്ടർമാരുടെ ടീമിനെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നാണ് ആഴ്ചയിൽ രണ്ട് ദിവസം നിയോഗിക്കുന്നത്. അവർ പല ആശുപത്രികളിൽ നിന്നെത്തുന്നവരാകാം. കേന്ദ്ര സർക്കാർ അനുശാസിക്കുന്ന മെറ്റേണൽ പ്രോട്ടോക്കാൾ പാലിച്ചാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ആശയെ മെഡി.കോളേജിലേക്ക്
മാറ്റുന്നതിലുണ്ടായ താമസം?
രോഗി സ്റ്റേബിളാകാതെ മറ്റൊരിടത്തേക്ക് മാറ്റുന്നത് അപകടമാണ്. അതിനാലാണ് കാലതാമസമുണ്ടായത്. ആംബുലൻസിൽ ഡോക്ടർമാരും നഴ്സുമാരും ഒപ്പമുണ്ടായിരുന്നു.
വിമർശനങ്ങൾ
ബാധിച്ചോ?
രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ലാപ്രോസ്കോപി പുനരാരംഭിച്ചിട്ടില്ല. അടുത്ത ദിവസം ആരംഭിക്കാമെന്ന ആലോചനയിൽ ലിസ്റ്റിലുള്ളവരെ വിളിച്ചെങ്കിലും എല്ലാവരും പലവിധ അസൗകര്യങ്ങൾ പറഞ്ഞ് പിന്മാറുകയായിരുന്നു.
സ്കാനിംഗിന് പുറത്ത് ?
അൾട്രാസൗണ്ട് മെഷീൻ ഉപയോഗിക്കാൻ പരിചയസമ്പന്നരായ ഡോക്ടർ ആശുപത്രിയിലില്ല. നേരിട്ട് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. എല്ലാ ദിവസവും ഡോക്ടർക്ക് ശമ്പളം നൽകി നിയമിക്കാനുള്ള ഫണ്ടില്ല. അതുകൊണ്ട് സ്വകാര്യ ലാബുകളുമായി നിയമപരമായ കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്.