
അമ്പലപ്പുഴ: പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. എടത്വാ പഞ്ചായത്ത് 12-ാം വാർഡിൽ തെങ്കരപ്പച്ച നാല്പത്തഞ്ചിൽ രാജേഷിന്റെയും രജനിയുടെയും മകൻ അനന്തു രാജേഷാണ് (16) മരിച്ചത്. കർഷകത്തൊഴിലാളിയായ രാജേഷ് പാടത്തെ പണിക്കിടെ ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെ ചായ കുടിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് അനന്തുവിനെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ തന്നെ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയറുവേദനയെ തുടർന്ന് അനന്തു ഇന്നലെ സ്കൂളിൽ പോയിരുന്നില്ല. മാതാവ് രജനി ആശുപത്രിയിൽ പോയിരിക്കുമ്പോഴായിരുന്നു സംഭവം. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. എടത്വാ പൊലീസ് മേൽനടപടി സ്വീകരിച്ചു. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്ന് സ്കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഏകസഹോദരൻ: അരുൺ രാജേഷ്.