ചേർത്തല: സെക്രട്ടറി സംഘടനയെ ദുരുപയോഗം ചെയ്യുന്നതായ പരാതികളുയർന്നതിനെത്തുടർന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ പിരിച്ചുവിട്ടു. ചേർത്തല നഗരത്തിൽ സംരംഭകൻ ഉയർത്തിയ പരാതിയുടെ പശ്ചാത്തലത്തിലാണ് സംഘടന പിരിച്ചുവിടാൻ കമ്മി​റ്റികൂടി തീരുമാനിച്ചത്.സെക്രട്ടറി എൻ.ആർ.ഷാജിക്കെതിരെയാണ് സംഘടനയുടെ നടപടി.
കമ്മി​റ്റിയിലെ ഭൂരിപക്ഷവും സെക്രട്ടറി എൻ.ആർ.ഷാജിയെ സംഘടനയിൽ നിന്നും പുറത്താക്കാനും സംഘടനതന്നെ പരിച്ചുവിടാനും തീരുമാനിച്ചതായി പ്രസിഡന്റ് വി.കെ.സിദ്ധാർത്ഥൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മത്സ്യതൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി തുടങ്ങിയ സംഘടനയെ ഉപയോഗിച്ച് നടത്തുന്ന പണപ്പിരിവുകകളും തട്ടിപ്പും അംഗീകരിക്കാനാകില്ലെന്നുകാട്ടിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിനെ കൂടാതെ കമ്മി​റ്റിയംഗങ്ങളായ രാജീവൻ,അനിൽകുമാർ,പ്രവീൺ,ഷാജി എന്നിവരും സംഘടന പിരിച്ചുവിടുന്നതിനായി അനുമതിപത്രം കൈമാറിയിട്ടുണ്ട്.വിഷയം ജില്ലാ രജിസ്ട്രാറെ അറിയിച്ച് രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള തുടർനടപടികൾ തുടങ്ങിയതായും പ്രസിഡന്റ് പറഞ്ഞു.

തെ​റ്റിദ്ധാരണ പരത്താൻ ശ്രമമെന്ന് സെക്രട്ടറി
വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ഉൾനാടൻമത്സ്യതൊഴിലാളി ഫെഡറേഷൻ സെക്രട്ടറി എൻ.ആർ.ഷാജി പറഞ്ഞു.സംഘടന പിരിച്ചുവിടാൻ ഇവർക്ക് അധികാരമില്ലെന്നും പ്രസിഡന്റിനെ നേരത്തെ തന്നെ പുറത്താക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പേരിൽ മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ഷാജി വ്യക്തമാക്കി.